ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം ഇന്നും തുടരും

കൊച്ചി: ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ ഇന്നും വാദം തുടരും.

ഉച്ചയ്ക്ക് 1.45നാണ് ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ച് ഹരജികള്‍ പരിഗണിക്കുന്നത്.

നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസ് നിലനില്‍ക്കില്ലെന്നും കെട്ടിച്ചമച്ച തെളിവുകളാണ് പ്രോസിക്യൂഷന്റെ കൈവശമുളളതെന്നും പ്രതിഭാഗം ഇന്നലെ നിലപാടെടുത്തിരുന്നു.

വീട്ടിലിരുന്ന് കുടുംബാംഗങ്ങളോട് സംസാരിക്കുന്നത് എങ്ങനെ ഗൂഢാലോചനയാകുമെന്ന് ദിലീപ് ഇന്നലെ കോടതിയോട് ചോദിച്ചിരുന്നു. ഇവര്‍ അനുഭവിക്കും എന്ന് പറഞ്ഞതായി ദിലീപ് കോടതിയില്‍ സമ്മതിച്ചിട്ടുണ്ട്. ഇത് ശാപ വാക്കുകളാണെന്നും അതെങ്ങനെ വധഗൂഢാലോചനയായി കണക്കാക്കുമെന്നും ദിലീപ് ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് പൂര്‍ണമായും കെട്ടിച്ചമച്ചതാണെന്നും ദിലീപ് ഹൈക്കോടതിയില്‍ വ്യക്തമാക്കി. തനിക്കെതിരായ മൊഴികള്‍ കോടതി വിശ്വാസത്തിലെടുക്കരുതെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു.

വധ ഗൂഢാലോചനയ്ക്ക് കൂടുതല്‍ തെളിവുകളുണ്ടെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയ സ്ഥിതിക്ക് പ്രോസിക്യൂഷന്‍ കോടതിയില്‍ ശക്തമായ നിലപാട് എടുത്തേക്കും.

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഇന്നലെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

Related posts

Leave a Comment