കോട്ടയം: ബലാത്സംഗ കേസില്‍ പ്രതിയായ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാൻ പോലീസ് വൈകിയതിനെ വിമർശിച്ച് സിപിഐ. സിദ്ദിഖിനെ പിടികൂടുന്നതില് അന്വേഷണസംഘത്തിന് അമാന്തമുണ്ടായോ എന്നും നടിയെ ആക്രമിച്ച കേസില്‍ നടൻ ദിലീപിനെതിരെ കാണിച്ച ജാഗ്രത സിദ്ദിഖിന്റെ കാര്യത്തില്‍ പൊലീസിനുണ്ടായോ എന്ന് സംശയിക്കുന്നവരെ എങ്ങനെ കുറ്റപ്പെടുത്തുമെന്നും സിപിഐയുടെ മുഖപത്രമായ ജനയുഗത്തിലെ മുഖപ്രസംഗത്തില്‍ ചോദിച്ചിട്ടുണ്ട്.
”പീഡന പരാതിയില് കഴിഞ്ഞദിവസം 3 പ്രമുഖ നടന്മാര്ക്കെതിരെ നടപടികളുണ്ടായി. നടനും എംഎല്എയുമായ മുകേഷിനെയും നടനും അഭിനേതാക്കളുടെ സംഘടനാ ഭാരവാഹിയുമായിരുന്ന ഇടവേള ബാബുവിനെയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്ത് വിട്ടയച്ചു. മറ്റൊരു നടന് സിദ്ദിഖിനു ഹൈക്കോടതി ജാമ്യം നിഷേധിച്ചെങ്കിലും അറസ്റ്റ് ചെയ്യാന് കഴിഞ്ഞിട്ടില്ല. ബലാല്‍സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കടുത്ത കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട പ്രതിയെ പിടികൂടുന്നതില് അന്വേഷണസംഘത്തിന് അമാന്തമുണ്ടായോ എന്ന സംശയവുമുയര്ന്നിട്ടുണ്ട്,” മുഖപ്രസംഗത്തില്‍ പറയുന്നു.
”ഹൈക്കോടതി വിധി വന്നതിനു പിന്നാലെ, ചൊവ്വാഴ്ച രാവിലെ തന്നെ സിദ്ദിഖിന്റെ കാക്കനാട് പടമുകളിലെയും ആലുവ കുട്ടമശേരിയിലെയും വീടുകളില് എത്തിയെങ്കിലും അടഞ്ഞുകിടക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നേരത്തേ, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ആലുവയിലെ വീട്ടുപടിക്കല്‍ത്തന്നെ പൊലീസുണ്ടായിരുന്നു. ജാമ്യാപേക്ഷ തള്ളുന്ന സ്ഥിതിയുണ്ടായാല്‍ അറസ്റ്റ് ചെയ്യാനായിരുന്നു ഈ നടപടി. ഇത്തരമൊരു ജാഗ്രത സിദ്ദിഖിന്റെ കാര്യത്തില്‍ പൊലീസിനുണ്ടായോ എന്ന് സംശയിക്കുന്നവരെ എങ്ങനെ കുറ്റപ്പെടുത്തും?,” മുഖപ്രസംഗത്തില്‍ പറയുന്നു.
ഹൈക്കോടതി ജാമ്യ ഹർജി തള്ളിയതിനു പിന്നാലെ സിദ്ദിഖ് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മുതല്‍ ഒളിവില്‍ കഴിയുന്ന സിദ്ദിഖിനായി പൊലീസ് തിരച്ചില്‍ ഊർജിതമാക്കി. ഹോട്ടലുകളിലടക്കം പരിശോധന തുടരുകയാണ്.