ന്യൂഡല്‍ഹി: സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്േറത് ഉള്‍പ്പടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ആരംഭിക്കുന്നതിനെതിരേ സുപ്രീം കോടതി. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഭൂമിപൂജയും ശിലാസ്ഥാപനവും ഡിസംബര്‍ പത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്വഹിക്കാനിരിക്കെയാണു സുപ്രീം കോടതിയുടെ ഇടപെടല്‍.
സെന്‍ട്രല്‍ വിസ്ത പദ്ധതികള്‍ വേഗത്തിലാക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച സുപ്രീംകോടതി, പാര്‍ലമെന്റ് മന്ദിരത്തിന് ശിലയിടാമെന്നും സ്റ്റേയില്ലെന്നും വ്യക്തമാക്കി. എന്നുകരുതി നിര്‍മാണം നടത്താനാവില്ലെന്നും കോടതി കാണിച്ച മര്യാദ കേന്ദ്രസര്‍ക്കാര്‍ തിരിച്ചും കാണിക്കണമെന്നും ജസ്റ്റീസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു. പദ്ധതിക്കെതിരേ രാജീവ് സൂരി ഉള്‍പ്പടെ നല്കിയ ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിനു ഡിസംബര്‍ പത്തിനാണു പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടുന്നത്. നിര്‍മാണത്തിനുള്ള ഭൂമിപൂജ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുമെന്നു ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള അറിയിച്ചു. ഭൂമി പൂജ ചടങ്ങിനായി ഓം ബിര്‍ള കഴിഞ്ഞ ദിവസം മോദിയുടെ വസതിയിലെത്തി ഒൗദ്യോഗികമായി ക്ഷണിച്ചു.
861.90 കോടി രൂപ ചെലവഴിച്ചാണു പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കുക. 21 മാസം കൊണ്ടു നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ടാറ്റ പ്രോജക്ടിനാണ് നിര്‍മാണ കരാര്‍. നിലവിലെ പാര്‍ലമെന്റ് മന്ദിരത്തോടു ചേര്‍ന്നു തന്നെയായിരിക്കും പുതിയ കെട്ടിടം.
എല്ലാ എംപിമാര്‍ക്കും പ്രത്യേകം ഓഫീസ് പുതിയ മന്ദിരത്തിലുണ്ടാവും. കടലാസ് രഹിത പാര്‍ലമെന്റ് എന്ന ലക്ഷ്യത്തോടെ ആധുനിക ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഒരുക്കും. വിശാലമായ കോണ്‍സ്റ്റിറ്റ്യൂഷന്‍ ഹാള്‍, അംഗങ്ങള്‍ക്കു വേണ്ടി ലോഞ്ച്, ലൈബ്രറി, വിവിധ സമിതികള്‍ക്കായുള്ള മുറികള്‍, ഡൈനിംഗ് ഹാളുകള്‍, പാര്‍ക്കിംഗ് സൗകര്യം എന്നിവ പുതിയ മന്ദിരത്തില്‍ സജ്ജമാക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍.