കടുത്തുരുത്തി: മുൻ ആരോഗ്യമന്ത്രി കെ കെ ഷൈലജയ്ക്ക് മുന്നിൽ വിതുമ്പിക്കരഞ്ഞും പരിഭവം നിരത്തിയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റ് ദാരുണമായി കൊല ചെയ്യപ്പെട്ട ഡോ. വന്ദനയുടെ പിതാവ് മോഹൻദാസ്.
തന്റെ മകൾ കൊല്ലപ്പെട്ടതിൽ ഭരിക്കുന്ന പാർട്ടിക്കും സർക്കാരിനും ഉത്തരവാദിത്തമുണ്ട്. ഭരണത്തിലുള്ള ചിലർ ആവിശ്യമില്ലാത്ത ചില കാര്യങ്ങൾ പറഞ്ഞു.
അത് ഞങ്ങൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു, ഏകമകൾ നഷ്ടപ്പെട്ട പിതാവ് തേങ്ങൽ അടക്കി കെ കെ ഷൈലജയോട് പറഞ്ഞു.
കസേര എങ്കിലും എടുത്ത് അക്രമിയെ അടിക്കാമായിരുന്നില്ലേ?. പിന്നെ എന്തിനാണ് പോലീസ് എന്നും മോഹൻദാസ് ഷെലജയോട് ചോദിച്ചു.
വന്ദനയെ ഡോക്ടർ ആക്കണം എന്നത് എന്റെ അമ്മയുടെ ആഗ്രഹമായിരുന്നു. മൂന്നു മാസം കൂടി കഴിഞ്ഞിരുന്നങ്കിൽ അവൾ ഞങ്ങൾക്കരികിലേക്ക് വരുമായിരുന്നു- പിതാവ് തുടർന്നു.
കുട്ടികൾ വിദേശരാജ്യങ്ങളിലേക്ക് പോകുന്നത് കാണുന്നില്ലേ?. ജീവിക്കുവാനും ജോലി ചെയ്യുവാനും ഉള്ള സ്വാതന്ത്ര്യം കേരളത്തിൽ ഇല്ലാത്ത സാഹചര്യത്തിലല്ലേ ഇതൊക്കെ?.
ഇങ്ങനെ ആയാൽ ആരെങ്കിലും കേരളത്തിൽ നിൽക്കുമോ?- മോഹൻദാസ് നിറകണ്ണുകളോടെ കെ കെ ഷൈലജയോട് ചോദിച്ചു.