ത്യാഗത്തിന്റേയും സഹനത്തിന്റേയും ഓര്‍മ പുതുക്കി വിശ്വാസികള്‍; കേരളത്തില്‍ ഇന്ന് ബലി പെരുന്നാള്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ബലി പെരുന്നാള്‍. ദൈവകല്‍പനയനുസരിച്ച് മകന്‍ ഇസ്മയിലിനെ ബലി നല്‍കാന്‍ തയ്യാറായ പ്രവാചകന്റെ

ആത്മസമര്‍പ്പണത്തെയും ത്യാഗത്തേയും അനുസ്മരിച്ചാണ് ലോകമെങ്ങുമുള്ള ഇസ്ലാം മത വിശ്വാസികള്‍ ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്.

ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നലെയായിരുന്നു ബലി പെരുന്നാള്‍ ആഘോഷം.

ബലി പെരുന്നാള്‍ ആഘോഷത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ വിവിധ പള്ളികളിലും ഈദ്ഗാഹുകളിലും നമസ്‌കാര ചടങ്ങുകള്‍ നടക്കും. അതേസമയം രണ്ട് ദിവസമായി കേരളത്തില്‍ ഉടനീളം ശക്തമായ മഴയാണ് പെയ്യുന്നത്.

മഴ മുന്നറിയിപ്പുള്ളതിനാല്‍ പല ജില്ലകളിലേയും ഈദ് ഗാഹുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ത്യാഗം, സഹനം, സാഹോദര്യം എന്നീ മൂല്യങ്ങളുടെ സ്മരണയിലാണ് ഇസ്ലാം മതവിശ്വാസികള്‍ ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്.

ഇന്നലെ വൈകീട്ടോടെ പള്ളികള്‍ തഖ്ബീര്‍ മുഖരിതമായിരുന്നു. ഹജ്ജ് കര്‍മ്മത്തിന്റെ പരിസമാപ്തി കൂടിയാണ് ബലി പെരുന്നാള്‍.

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഉണ്ടായ മകന്‍ ഇസ്മായിലിനെ ദൈവ കല്‍പ്പന പ്രകാരം ബലി കൊടുക്കാന്‍ തീരുമാനിച്ചെങ്കിലും നബിയുടെ ത്യാഗ സന്നദ്ധത കണ്ട് മകന് പരം ആടിനെ ബലി നല്‍കാന്‍ ദൈവം നിര്‍ദേശിച്ചു എന്നാണ് വിശ്വാസം.

ഇതിന്റെ ഓര്‍മ്മ പുതുക്കി ഈദ് നമസ്‌കാരത്തിന് ശേഷം വിശ്വാസികള്‍ ബലി കര്‍മ്മം നിര്‍വഹിക്കും. പിന്നീട് ബന്ധുക്കളെയും സ്‌നേഹിതരേയും സന്ദര്‍ശിച്ച് ആശംസകള്‍ കൈമാറും.

പുത്തന്‍ വസ്ത്രങ്ങള്‍ അണിഞ്ഞും കുടുംബങ്ങളില്‍ ബന്ധം ഊട്ടിയുറപ്പിച്ചും അയല്‍വീടുകളില്‍ സന്ദര്‍ശനം നടത്തിയും വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷത്തിന്റെ നിറവിലേക്ക് കടക്കും.

അറബിമാസം ദുല്‍ഖഅ്ദ് 30 പൂര്‍ത്തിയാക്കിയാണ് ഇത്തവണത്തെ ബലി പെരുന്നാള്‍. കേരളത്തില്‍ ബലി പെരുന്നാളിന് രണ്ട് ദിവസം അവധി അനുവദിച്ചിട്ടുണ്ട്.

സാഹോദര്യവും മതസൗഹാര്‍ദവും പുലരുന്ന നാടായി കേരളത്തെ നിലനിര്‍ത്താന്‍ ഈ മഹത്തായ ദിനം പ്രചോദനം പകരട്ടെ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ പെരുന്നാള്‍ ആശംസയില്‍ പറഞ്ഞു.

ത്യാഗത്തെയും അര്‍പ്പണമനോഭാവത്തെയും വാഴ്ത്തുന്ന ഈ ദിനം സ്നേഹവും അനുകമ്പയും കൊണ്ട് നമ്മെ കൂടുതല്‍ ഒരുമിപ്പിക്കട്ടെയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ആശംസിച്ചു.

പരസ്പര സ്‌നേഹം പങ്കുവെച്ച് ഈ ബലി പെരുന്നാള്‍ ദിവസത്തെ എല്ലാവരും ധന്യമാക്കണം എന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. പരിശുദ്ധ ഹജ്ജ് കര്‍മ്മം ലോകത്തിന് നല്‍കുന്ന സന്ദേശം മനുഷ്യ സാഹോദര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Related posts

Leave a Comment