“തൊണ്ടിമുതലിലെ താര’ത്തിന്‌ രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍

തൃക്കരിപ്പൂര്‍ > കണ്ണൂര്‍ വിജിലന്‍സ് ഡെപ്യുട്ടി സൂപ്രണ്ടായി വിരമിച്ച തൃക്കരിപ്പൂര്‍ ഇയ്യക്കാട്ടെ വി മധുസൂദനന് ലഭിച്ചത് ഔദ്യോഗിക ജീവിതത്തിലെ മികവിനുള്ള അംഗീകാരം. വിരമിച്ച ശേഷം സിനിമയിലേക്ക് പൂര്‍ണസമയവും തിരിയാനിരിക്കുമ്ബോഴാണ് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ചത്. കുറ്റവും ശിക്ഷയും, തുറമുഖം എന്നിവയടക്കം നിരവധി സിനിമകള് റിലീസാവാനുമുണ്ട്.

അഭിഭാഷക വൃത്തിയിലൂടെയാണ് മധുസൂദനന്റെ തുടക്കം. പിന്നീട് കേരള പോലീസ് സേനയുടെ ഭാഗമായി. സബ് ഇന്‍സ്പെക്ടര്‍ മുതല്‍ വിജിലന്‍സ് ഡിവൈഎസ്പി വരെയുള്ള പദവി മികച്ച നിലയിലാണ് പൂര്‍ത്തിയാക്കിയത്. 50 ഗുഡ് എന്‍ട്രി സര്‍വീസുകള്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2000 ല്‍ ബേഡകം എസ് ഐ ആയിരിക്കുമ്ബോള്‍ കാസര്‍കോട് എസ്പി ഓഫീസ് മാര്‍ച്ച്‌ ഡ്യുട്ടിക്കിടെ കല്ലേറില്‍ തലയ്ക്ക് സാരമായി പരിക്കേറ്റു. അഴീക്കോട് ഹയര്‍സെക്കന്‍ഡറി സ്കൂളിന് പ്ലസ്ടു അനുവദിക്കാന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കെ എം ഷാജി എംഎല്‍എ 25 ലക്ഷം രൂപ കോഴ കൈപ്പറ്റിയ കേസ് അന്വേഷിക്കുന്നതിനിടെയാണ് കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പിയായി വിരമിച്ചത്. തൊണ്ടി മുതലും ദൃക്സാക്ഷിയും സിനിമയിലെ സിഐയുടെ വേഷം ശ്രദ്ധ നേടി. കക്ഷി അമ്മിണി പിളളയിലെ ജഡ്ജ്, ആന്ഡ്രോയിഡ് കുഞ്ഞപ്പനിലെ മെഡിക്കല് റപ്പ് തുടങ്ങിയ വേഷങ്ങളും ശ്രദ്ധിക്കപ്പെട്ടു.

Related posts

Leave a Comment