തേയിലത്തോട്ടത്തില്‍ പുലിയുടെ ജഡം കണ്ടെത്തി

മൂന്നാര്‍: തേയിലത്തോട്ടത്തില്‍ നിന്ന് പുള്ളിപുലിയുടെ ജഡം കണ്ടെത്തി. തലയാര്‍ എസ്റ്റേറ്റിലെ കോഫി സ്റ്റോര്‍ ഡിവിഷനില്‍ 12 ഏക്കര്‍ ഭാഗത്താണ് ഇന്നലെ രാവിലെ എട്ട് വയസോളം പ്രായമുള്ള പെണ്‍പുലിയെ ചത്ത നിലയില്‍ കണ്ടെത്തിയത്.

മൂന്നാര്‍ ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയില്‍ വരുന്ന ഈ ഭാഗത്ത് ജോലിക്ക് പോയ തോട്ടം തൊഴിലാളികളാണ് പുലിയുടെ ജഡം ആദ്യം കണ്ടത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. പോസ്റ്റ്മോര്‍ട്ടം ചെയ്താലേ മരണകാരണം വ്യക്തമാകൂ. ഷെഡ്യൂള്‍ ഒന്നില്‍പ്പെട്ട മൃഗമായതിനാല്‍ നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ ആക്‌ട് മാര്‍ഗ നിര്‍ദ്ദേശപ്രകാരമാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടത്.

വൈല്‍ഡ് ലൈഫ് ചീഫ് വാര്‍ഡന്റെ ഉത്തരവ് പ്രകാരം മൂന്ന് ഡോക്ടര്‍മാര്‍ അടങ്ങിയ സംഘമായിരിക്കും ഇന്ന് പുലിയുടെ ജഡം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുകയെന്ന് മൂന്നാര്‍ റേഞ്ച് ഓഫീസര്‍ എസ്. ഹരീന്ദ്രനാഥ് പറഞ്ഞു. മൂന്നാര്‍ റേഞ്ചിലെയും ഇരവികുളം നാഷണല്‍ പാര്‍ക്കിലെയും ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഈ പ്രദേശത്ത് രണ്ട് വര്‍ഷത്തിലേറെയായി പുലിയുടെ ആക്രമണത്തില്‍ പത്തിലധികം കന്നുകാലികള്‍ ചത്തിരുന്നു.

Related posts

Leave a Comment