കോഴിക്കോട്: ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പൊലീസ് സത്യസന്ധമായി അന്വേഷണം നടത്തിയെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും ഹർഷിന.
പൂർണമായി നീതി ലഭിക്കുന്നതുവരെ പോരാടുമെന്നും ഇനിയൊരാൾക്കും ഈ ഗതി വരരുതെന്നും ഹർഷിന മാധ്യമങ്ങളോട് പറഞ്ഞു. കത്രികയുമായി 5 വർഷം വേദന സഹിച്ചാണ് ഹർഷിന ജീവിച്ചത്.
‘ഞാൻ പറയുന്നതിൽ ഒരു ശതമാനം പോലും കളവില്ല എന്ന് എനിക്ക് ഉറപ്പാണ്. പൂർണമായ നീതി ലഭിക്കുന്നതുവരെ പോരാടും. അഞ്ചു വർഷം അനുഭവിച്ചത് ചെറുതല്ല.
വേദനകൾക്കും ഞാൻ അനുഭവിച്ചതിനും ആരോടും നഷ്ടപരിഹാരം ചോദിക്കുന്നില്ല. അത് തരേണ്ടവർ തന്നോളും. എന്നാൽ ഇതിലൂടെ എനിക്ക് ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട്.
അർഹതപ്പെട്ട മാന്യമായ നഷ്ടപരിഹാരം നൽകിയേ പറ്റൂ. പൂർണമായ റിപ്പോർട്ട് പുറത്തുവരട്ടേ.ഇതിനൊരു പ്രതിയില്ല, മെഡിക്കൽ കോളജിന്റേതല്ല കത്രിക എന്നാണല്ലോ ഇതുവരെ പറഞ്ഞത്.
ഇതിനൊരു തെളിവില്ലെന്നാണ് ആരോഗ്യമന്ത്രി പോലും വന്നപ്പോൾ പറഞ്ഞത്. അത് തെളിയിക്കുക എന്നതായിരുന്നു ആദ്യത്തേത്. അത് തെളിഞ്ഞല്ലോ പൂർണമായും അത് തെളിഞ്ഞുവരുമെന്നാണ് പ്രതീക്ഷ.
അതിനു ശേഷം അവർ നടപടിയെടുക്കട്ടേ. വാക്കു തന്നവർ പാലിക്കട്ടെ. ആവശ്യപ്പെട്ട എല്ലാ കാര്യങ്ങളും അംഗീകരിക്കുന്നതു വരെ സമരവുമായി മുന്നോട്ടു പോകും. ഇങ്ങനൊരു അവസ്ഥ ഇനിയൊരാൾക്കും ഉണ്ടാകരുത്.
ചെറിയൊരു സമയത്തെ അശ്രദ്ധ കൊണ്ട് മനുഷ്യൻ എത്രത്തോളം ദുരന്തം അനുഭവിക്കുമെന്ന് ഒരോ സർജറി ടേബിളിൽ എത്തുമ്പോഴും ഡോക്ടർമാർക്ക് ഓർമ വരണം.
അത്രത്തോളം അനുഭവിച്ച ആളാണ് ഞാൻ. മെഡിക്കൽ നെഗ്ലിജൻസിന് ഇരയാകുന്നവരെ സംരക്ഷിക്കാനുള്ള നിയമം എത്രയും പെട്ടെന്ന് സർക്കാർ കൊണ്ടുവരണം.
സത്യസന്ധമായ അന്വേഷണം നടത്തിയവർക്ക് നന്ദി അറിയിക്കുന്നു’– ഹർഷിന പറഞ്ഞു.