കാസര്‍കോട്: സാധാരണക്കാര്‍ക്കെതിരെയുള്ള പൊലീസ് അതിക്രമങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. പുരാവസ്തു തട്ടിപ്പ് കേസിലും, മോഫിയ പര്‍വീനിന്റെ ആത്മഹത്യയിലുമൊക്കെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണമുയര്‍ന്നിരുന്നു.
ഇത്തരം സംഭവങ്ങള്‍ക്കിടയില്‍ രണ്ട് ചില്ല് കഷണങ്ങളില്‍ നിന്ന് ലോട്ടറി വില്‍പ്പനകാരനെ ഇടിച്ചുതെറിപ്പിച്ച് കടന്നുകളഞ്ഞ കാറിനെയും അതിന്റെ ഉടമയേയും കുടുക്കിയിരിക്കുകയാണ് കേരളാ പൊലീസ്.
കാഞ്ഞങ്ങാട് ആറങ്ങാടി കൂളിയങ്കാലില്‍ നവംബര്‍ 14ന് രാത്രിയായിരുന്നു അപകടം നടന്നത്. അപകടത്തില്‍ തോയമ്മല്‍ സ്വദേശിയായ സുധീഷ് (37) ആണ് മരിച്ചത്. സുധീഷിനെ ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ ഓടിച്ച് പോയി. സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച രണ്ട് ചില്ല് കഷണങ്ങളില്‍ നിന്നായിരുന്നു പൊലീസ് അന്വേഷണം ആരംഭിച്ചത്.
കാറിന്റെ ഹെഡ്‌ലൈറ്റിന്റെ പൊട്ടിയ കഷണങ്ങളായിരുന്നു അപകടം നടന്ന സ്ഥലത്തുനിന്ന് കിട്ടിയത്. ഈ ചില്ലുകഷണങ്ങളുമായി പൊലീസ് വിവിധ വര്‍ക്ക്‌ഷോപ്പുകളില്‍ കയറിയിറങ്ങി. മെക്കാനിക്കുകളെ സമീപിച്ച് ഏത് മോഡല്‍ കാറിന്റേതാണ് ഈ ഭാഗങ്ങളെന്ന് കണ്ടെത്തി. റോഡിലെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം പരിശോധിച്ചു.
120 ഓളം സിസിടിവി ദൃശ്യങ്ങളായിരുന്നു അന്വേഷണ സംഘം പരിശോധിച്ചത്. ഇവയില്‍ ചിലതില്‍ നിന്ന് സമാന മോഡല്‍ കാറിന്റെ സാന്നിദ്ധ്യം കണ്ടെത്തി. ഇതോടെ ഈ രജിസട്രേഷന്‍ നമ്ബര്‍ വച്ചുള്ള അന്വേഷണം തുടങ്ങി. ഇതാണ് വാഹന ഉടമ പ്രജിത്തിലേക്ക് എത്തിയത്. വാഹനം കസ്റ്റഡിയില്‍ എടുത്ത് പരിശോധിച്ചപ്പോള്‍ ഒറ്റ നോട്ടത്തില്‍ യാതൊരു തകരാറും ഉണ്ടായിരുന്നില്ല. എന്നാല്‍ വിശദമായി പരിശോധിച്ചപ്പോള്‍ അതിന് അറ്റകുറ്റപ്പണി നടത്തിയതായി തെളിഞ്ഞു. തെളിവ് നശിപ്പിക്കാനുള്ള ശ്രമമായിരുന്നു ഇത്. തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.