തെലങ്കാനയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച 6 വയസുകാരിയുടെ പീഡന- കൊലപാതകക്കേസില്‍ പൊലീസ് തേടിയിരുന്ന പ്രതിയെ റെയില്‍വേ ട്രാകില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് തെലങ്കാന കോടതി

 തെലങ്കാനയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച 6 വയസുകാരിയുടെ പീഡന- കൊലപാതകക്കേസില്‍ പൊലീസ് തേടിയിരുന്ന പ്രതിയെ റെയില്‍വേ ട്രാകില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് തെലങ്കാന കോടതി.

സെയ്ദാബാദില്‍ 6 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പല്ലാക്കൊണ്ട രാജുവിന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താനാണ് തെലങ്കാന ഹൈകോടതിയുടെ നിര്‍ദേശം.

രാജുവിന്റെ മരണം ആസൂത്രിതമെന്ന് കാട്ടി സിവില്‍ ലിബര്‍ടീസ് കമിറ്റി പ്രസിഡന്റ് പ്രഫ. ലക്ഷ്മണ്‍ സമര്‍പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

നാലാഴ്ചക്കകം അന്വേഷണ റിപോര്‍ട് സമര്‍പിക്കാനാണ് നിര്‍ദേശം. വെള്ളിയാഴ്ച കോടതിയുടെ പരിഗണനയിലെത്തിയ വിഷയത്തില്‍ വ്യാഴാഴ്ച രാത്രി തന്നെ മൃതദേഹം സംസ്‌കരിച്ചതില്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് ആശ്ചര്യം രേഖപ്പെടുത്തി.

സെപ്റ്റംബര്‍ 10ന് രാജുവിന്റെ മാതാവിനെയും ഭാര്യയെയും സ്‌റ്റേഷനില്‍ തടഞ്ഞുവെച്ചിരുന്നുവന്നും എന്നാല്‍ ബുധനാഴ്ച രാത്രി രാജുവിനെ മരിച്ചനിലയില്‍ കണ്ടെത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്ബ് ഇരുവരെയും വിട്ടയച്ചിരുന്നതായും ഇവര്‍ പറയുന്നു. പൊലീസ് രാജുവിനെ കൊന്നതാണെന്നാണ് മാതാവും ഭാര്യയും ഉന്നയിക്കുന്ന ആരോപണം.

വാറങ്കല്‍ ജില്ലയിലെ ഖാന്‍പൂരിലെ റെയില്‍വേ ട്രാകിലാണ് യുവാവിന്റെ മൃതദേഹം തലയറ്റ് തിരിച്ചറിയാന്‍ കഴിയാത്ത തരത്തില്‍ കണ്ടെത്തിയത്.

പ്രതി റെയില്‍വേ ട്രാകില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നായിരുന്നു വ്യാഴാഴ്ച പൊലീസ് നല്‍കിയ വിശദീകരണം. തെലങ്കാന ഡിജിപിയാണ് പ്രതിയുടെ മൃതദേഹം കണ്ടെത്തിയ വിവരം അറിയിച്ചത്. ഇതിന് പിന്നാലെ ഐ ടി മന്ത്രി കെ ടി രാമ റാവു മൃതദേഹം രാജുവിന്റേതാണെന്ന് സ്ഥിരീകരിച്ച്‌ ട്വിറ്റെറില്‍ പോസ്റ്റ് ചെയ്തിരുന്നു.

കുഞ്ഞിന്റെ മൃതദേഹം കിടക്കവിരിയില്‍ പൊതിഞ്ഞ നിലയില്‍ രാജുവിന്റെ വീട്ടില്‍നിന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ രാജുവിന്റെ ഫോടോ പൊലീസ് പുറത്തുവിട്ടിരുന്നു. പിന്നാലെ ഇയാളെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികവും സര്‍കാര്‍ പ്രഖ്യാപിച്ചിരുന്നു.

6 വയസുകാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊന്ന കേസില്‍ പൊലീസ് തേടുന്ന പ്രതിയെ ഏറ്റുമുട്ടലില്‍ കൊല്ലുമെന്ന തൊഴില്‍ വകുപ്പ് മന്ത്രി മല്ല റെഡ്ഡിയുടെ വാക്കുകളും വിവാദമായിരുന്നു.

കൂടാതെ മല്‍ക്കാജ്ഗിരി എംപിയും തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമിറ്റി പ്രസിഡന്റുമായ രേവന്ത് റെഡ്ഡിയും ഏറ്റുമുട്ടലില്‍ പ്രതിയെ തീര്‍ക്കുമെന്ന തരത്തിലും പരാമര്‍ശം നടത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതിനാല്‍ രാജുവിന്റെ മൃതദേഹം റെയില്‍വേ ട്രാകില്‍ കണ്ടെത്തിയതില്‍ ദുരൂഹത നിഴലിക്കുന്നു. ഇതോടെ രാജുവിന്റെ മരണം ആത്മഹത്യയാണോ അതോ ഏറ്റുമുട്ടലില്‍ വധിച്ചതാണോ എന്ന തരത്തില്‍ പ്രചാരണങ്ങളും ആരംഭിക്കുകയായിരുന്നു.

 

Related posts

Leave a Comment