വടകര: തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു.
അഴിയൂർ ചോമ്പാല ടെലിഫോൺ എക്സ്ചേഞ്ച് ബസ് സ്റ്റോപ്പിന് സമീപം ആവിക്കര റോഡിൽ പുതിയപറമ്പത്ത് അനിൽ ബാബു (ചൈത്രം ബാബു, 47) ആണ് മരിച്ചത്.
കണ്ണൂക്കര ഒഞ്ചിയം റോഡിൽ കള്ളുഷാപ്പിന് സമീപം വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് അപകടം. റോഡിലുണ്ടായിരുന്ന നായ്ക്കൾ കടിപിടികൂടുകയും റോഡിന് കുറുകെ ഓടുകയുമായിരുന്നു.
ഓട്ടോ വെട്ടിച്ച് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് മറിഞ്ഞത്.ഓട്ടോയ്ക്കുള്ളിൽ അകപ്പെട്ട അനിൽ ബാബുവിനെ ഓടിക്കൂടിയ നാട്ടുകാർ ഓട്ടോ ഉയർത്തി പുറത്തെടുക്കുകയായിരുന്നു.
നാട്ടുകാർ ബാബുവിനെ വടകര സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിൽ ഓട്ടോ ഭാഗികമായി തകർന്നു. സിഐടിയു ഹാർബർ സെക്ഷൻ സെക്രട്ടറിയായിരുന്നു അനിൽ ബാബു.
മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി വടകര ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരേതരായ കരുണൻ ആലീസ് ദമ്പതികളുടെ മകനാണ്.
ഭാര്യ: നിഷ മകൻ: അനുനന്ദ്. സഹോദരങ്ങൾ: രാജീവൻ, സജിനി, ഗീത, അനിത, ബേബി, സജീവൻ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പിൽ നടക്കും.