തൃശൂരിൽ മിന്നൽ ചുഴലി, മരങ്ങൾ കടപുഴകി വീണു, ചാലക്കുടിയിലും ഇരിങ്ങാലക്കുടയിലും വൻ നാശനഷ്ടം

തൃശൂര്‍: കനത്ത മഴ തുടരുന്നതിനിടെ തൃശൂരില്‍ മിന്നല്‍ ചുഴലിയും. ചാലക്കുടിയിലെ കൂടപ്പുഴയിലാണ് രാവിലെ 11 മണിയോടെ മിന്നല്‍ ചുഴലിയുണ്ടായത്. ചാലക്കുടിയിലും ഇരിങ്ങാലക്കുടയിലും വ്യാപക നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

നിരവധി മരങ്ങള്‍ കടപുഴകി വീണു. പലയിടത്തും വാഹനങ്ങള്‍ക്കും വൈദ്യുതി കമ്പികള്‍ക്കും മുകളിലേക്കാണ് മരങ്ങള്‍ വീണത്. നിരവധി വാഹങ്ങള്‍ തകര്‍ന്നിട്ടുണ്ട്.

വൈദ്യുതി ലൈനുകള്‍ക്ക് മുകളില്‍ മരങ്ങള്‍ വീണതോടെ പ്രദേശത്തെ വൈദ്യുതിബന്ധം തകരാറിലായിട്ടുണ്ട്. തൃശൂരിലെ ചില ഭാഗങ്ങളില്‍ ഇന്ന് രാവിലെ നേരിയ ഭൂചലനവും അനുഭവപ്പെട്ടിരുന്നു.

തൃശൂര്‍, ആമ്പല്ലൂര്‍, കല്ലൂര്‍ പ്രദേശങ്ങളിലാണ് ഭൂചലനമുണ്ടായത്. തീവ്രത റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. മൂന്നില്‍ താഴെയാണ് തീവ്രത എങ്കില്‍ റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തപ്പെടില്ല.

ഭൂമിയുടെ അടിയില്‍ നിന്നും നേരിയ മുഴക്കം അനുഭവപ്പെട്ടതായാണ് പ്രദേശവാസികള്‍ പറയുന്നത്. ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണതേജ ഭൂചലനമുണ്ടായെന്ന് പറയുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. വളരെ നേരിയ തോതിലുളള ഭൂചലനം ആയതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് കളക്ടര്‍ പ്രതികരിച്ചു.

പഞ്ചായത്ത് ഭാരവാഹികളുമായി ചര്‍ച്ച നടത്തിയ കളക്ടര്‍ സാഹചര്യങ്ങള്‍ വിലയിരുത്തി. നേരത്തെയും ജില്ലയില്‍ ഇത്തരം നേരിയ ഭൂചലനങ്ങള്‍ ഉണ്ടായിട്ടുളള പശ്ചാത്തലത്തില്‍ ഇതേക്കുറിച്ച് പഠനം നടത്തുമെന്ന് കളക്ടര്‍ വ്യക്തമാക്കി.

 

Related posts

Leave a Comment