കണ്ണൂരില്‍ കാര്‍ കത്തി ദമ്പതികള്‍ വെന്തുമരിച്ച സംഭവത്തില്‍ തീ പടരാനുള്ള കാരണം കണ്ടെത്തി മോട്ടോര്‍ വാഹന വകുപ്പ്.
കാറിനുള്ളില്‍ ഡ്രൈവര്‍ സീറ്റിനടിയിലായി രണ്ട് കുപ്പികളില്‍ പെട്രോള്‍ സൂക്ഷിച്ചതായാണ് കണ്ടെത്തിയത്. അതേസമയം ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടാകൂ.
പൊലീസ്, ഫോറന്‍സിക്, മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കത്തിയ കാര്‍ വീണ്ടും പരിശോധിച്ചു. ആദ്യപരിശോധനയില്‍ കാറില്‍ നിന്നും പ്ലാസ്റ്റിക് കുപ്പിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു.
രണ്ടാംഘട്ട പരിശോധനയില്‍ പെട്രോളിന്റെ സാന്നിധ്യമുള്ള മറ്റൊരു കുപ്പിയുടെ അവശിഷ്ടങ്ങള്‍ കൂടി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് കാറിന്റെ ഡ്രൈവര്‍ സീറ്റിനടിയില്‍ പെട്രോള്‍ കുപ്പികള്‍ സൂക്ഷിച്ചിരുന്നുവെന്ന നിഗമനത്തിലെത്തിയത്.
ഷോര്‍ട്ട്‌സര്‍ക്യൂട്ട് വഴിയുണ്ടായ തീ ആളിപ്പടരാന്‍ കാരണമായെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കാറിനകത്ത് എയര്‍ പ്യൂരിഫയര്‍ ഉണ്ടായിരുന്നതും അപകടത്തിന്റെ തീവ്രത കൂട്ടി.
തീ പടരാനുള്ള കാരണം സംബന്ധിച്ച തീര്‍പ്പ് കല്‍പ്പിക്കണമെങ്കില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് കൂടി പുറത്ത് വരണം.