ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക് ഡൗണ്‍ തുടരുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. തീവ്രബാധിത പ്രദേശങ്ങളിലാകും ലോക്ക്ഡൗണ്‍ തുടരുക. വ്യത്യസ്ത മേഖലകളില്‍ വ്യത്യസ്ത നിലപാട് ആയിരിക്കും സ്വീകരിക്കുകയെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ അറിയിച്ചു.
രാജ്യമൊട്ടാകെ ഒരുമിച്ച് ലോക്ക്ഡൗണില്‍ തുടരുന്ന ഈ സാഹചര്യം മാറ്റി ഹോട്ട്സ്പോട്ടുകളില്‍ ലോക്ക്ഡൗണ്‍ തുടര്‍ന്ന്, മറ്റ് മേഖലകള്‍ക്ക് ഘട്ടം ഘട്ടമായി ഇളവുകള്‍ നല്‍കാനാണ് കേന്ദ്രനീക്കമെന്നാണ് സൂചന. എന്നാല്‍ രോഗവ്യാപനം തടയാനുള്ള കര്‍ശനമായ നടപടികളുണ്ടാകും.
തീവ്രബാധിത പ്രദേശങ്ങള്‍ അല്ലാത്തിടത്ത് കൂടുതല്‍ ഇളവ് നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ കൊവിഡ് വ്യാപനം പിടിച്ചുനിര്‍ത്താനായെന്നും പ്രധാനമന്ത്രി. എല്ലാ അന്താരാഷ്ട്ര ഏജന്‍സികള്‍ക്കും ഈ നിലപാടാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ എല്ലാ സംസ്ഥാനങ്ങളും കര്‍ശനമായി പാലിക്കണമെന്നും കേന്ദ്രം പരമാവധി ഇളവുകള്‍ നല്‍കിയിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി അമിത്ഷാ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പറഞ്ഞു.