തീപിടിച്ചത് ഷാരൂഖ് സെയ്ഫി കത്തിച്ച അതേ ട്രെയിന്‍ ; സമീപത്ത് ബിപിസിഎല്ലിന്റെ ഇന്ധന ടാങ്കും, ഒഴിവായത് വന്‍ ദുരന്തം

കണ്ണൂര്‍: ഇന്ന് പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ ഒരുബോഗി പൂര്‍ണ്ണമായും കത്തിനശിച്ചത് ദിവസങ്ങള്‍ക്ക് മുമ്ബ് ഷാരൂഖ് സെയ്ഫി കത്തിച്ച അതേ ട്രെയിനില്‍.

ആലപ്പുഴ – കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിന്‍ യാത്ര അവസാനിപ്പിച്ച്‌ എഞ്ചിന്‍ വേര്‍പെടുത്തിയ ശേഷമായിരുന്നു തീപിടുത്തം. അതുകൊണ്ടുതന്നെ സംഭവത്തില്‍ അട്ടിമറി സംശയിക്കുകയാണ് റെയില്‍വേ പോലീസ്.

മൂന്നാം പ്ലാറ്റ്‌ഫോമിന് സമീപം എട്ടാമത്തെ യാര്‍ഡില്‍ ഹാള്‍ട്ട് ചെയ്തിരുന്ന ട്രെയിനിലാണ് തീപ്പിടുത്തം നടന്നത്. ഇന്ന് ഉച്ചനയ്ക്ക ഇന്റര്‍സിറ്റി എക്‌സ്പ്രസ് സര്‍വീസ് നടത്താന്‍ നിര്‍ത്തിയിട്ട ട്രെയിന്‍ രാത്രി 11.45 നായിരുന്നു കണ്ണൂരില്‍ യാത്ര അവസാനിപ്പിച്ചത്.

തീ ഉയരുന്നത് ആദ്യം കണ്ട റെയില്‍വേ ജീവനക്കാരാണ് വിവരം അറിയിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷന്‍ മാസ്റ്ററും അധികൃതരും അറിയിച്ചതനുസരിച്ച്‌ സ്ഥലത്തെത്തിയ അഗ്‌നി രക്ഷാ സേന രാത്രി 2.20 ന് തീയണച്ചു.

മറ്റു കോച്ചുകളെ വേര്‍പ്പെടുത്തിയിരുന്നതിനാല്‍ മറ്റു ബോഗികളിലേക്ക് പടര്‍ന്നില്ല. മൂന്ന് യൂണിറ്റ് അഗ്നിശമന സേനാസംഘം ഏറെ നേരം പ്രയത്‌നിച്ചാണ് അഗ്നിബാധ നിയന്ത്രണവിധേയമാക്കിയത്.

പിന്‍നിരയിലെ ഒരു ബോഗി പൂര്‍ണ്ണമായും കത്തിനശിച്ചു. സമീപ ബോഗികള്‍ക്ക് കേടുപാട് ഉണ്ടായിട്ടില്ല. അജ്ഞാതന്‍ ട്രെയിനിന് തീയിട്ടതാണെന്ന സംശയത്തിലാണ് റെയില്‍വേ അധികൃതര്‍.

ഒരാള്‍ ക്യാനുമായി ബോഗിയിലേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യം കിട്ടിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഷര്‍ട്ടിടാത്തയാളാണ് കാനുമായി ട്രെയിന്‍ ബോഗിയിലേക്ക് പോകുന്നത്.

ജനാലകള്‍ ഷട്ടറിട്ട അവസ്ഥയിലായിരുന്നു. എന്നാല്‍ ഒരുഭാഗത്ത് ജനാലഗ്‌ളാസ് തകര്‍ത്തതായി കാണുന്നുണ്ട്. കോച്ചിന്റെ ശുചിമുറിയോട് ചേര്‍ന്ന ജനാലയുടെ ഗ്ലാസ്സാണ് തകര്‍ത്ത നിലയില്‍ സംശയിക്കുന്നത്.

ഇതിലൂടെ ഇന്ധനം ഒഴിച്ചിരിക്കാം എന്നും പെട്രോളോ മറ്റോ അകത്തേക്ക് ഒഴിച്ച്‌ തീയിട്ടതാകാമെന്ന സംശയം അധികൃതരും ഉയര്‍ത്തുന്നുണ്ട്.

സ്ഥലത്ത് ഫോറന്‍സികും എന്‍ഐഎയും പരിശോധന നടത്തും. വളരെ വേഗം തീ ആളിപ്പടരുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികളും പറയുന്നത്. ഒരു മണിക്കൂറോളം തീ കത്തിയതായും ഇവര്‍ പറയുന്നു.

ബിപിസിഎല്ലിന്റെ ഓയില്‍ ടാങ്കിന് സമീപമായിരുന്നു തീപിടുത്തം ഉണ്ടായത്. തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞതോടെ ഒഴിവായത് വന്‍ ദുരന്തമായിരുന്നു.

തീപിടിച്ച ഏറ്റവും പിന്നില്‍ നിന്നും മൂന്നാമത്തെ ബോഗിയും ഭാരത് പെട്രോളിയത്തിന്റെ ടാങ്കും തമ്മില്‍ 100 മീറ്റര്‍ അകലെ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

Related posts

Leave a Comment