തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലവില്‍ വന്നു, വൈകീട്ടുമുതല്‍ വീടുകളില്‍ സാധനങ്ങള്‍ എത്തിക്കുമെന്ന് ഡി.സി.പി ; കൊച്ചിയില്‍ വ്യാപക പരിശോധന

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരം നഗരസഭയില്‍ ഏര്‍പ്പെടുത്തിയ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലവില്‍ വന്നു. ഇന്ന് രാവിലെ ആറ് മണിക്കാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ആരംഭിച്ചത്. ഉറവിടമറിയാത്ത രോഗബാധിതരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ തലസ്ഥാനത്തെ സ്ഥിതി കൈവിട്ടുപോകുമെന്ന ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഒരാഴ്ചത്തേക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിരിക്കുന്നത്.

ഇനി മുതല്‍ ഒരാഴ്ച നഗരപരിധിയിലേക്ക് അവശ്യ സര്‍വീസുകള്‍ക്കു മാത്രമേ പ്രവേശനം ഉണ്ടാവുകയുള്ളു. പൊതുഗതാഗതം ഉണ്ടാകില്ല. സെക്രട്ടറിയേറ്റും, സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കില്ല. ആശുപത്രികള്‍ തുറക്കും. മെഡിക്കല്‍ സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുമെങ്കിലും ആളുകള്‍ സത്യവാങ്മൂലം നല്‍കിയാല്‍ മാത്രമേ പോകാന്‍ അനുവദിക്കൂ. അവശ്യവസ്‌തുക്കള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുമതിയുണ്ടെങ്കിലും ജനങ്ങള്‍ക്ക് നേരിട്ടു പോയി സാധനങ്ങള്‍ വാങ്ങാന്‍ അനുമതിയില്ല. കോര്‍പറേഷന്‍ പരിധിയിലെ പരീക്ഷകളെല്ലാം മാറ്റിവച്ചു.വൈകീട്ടുമുതല്‍ വീടുകളില്‍ സാധനങ്ങള്‍ എത്തിക്കുമെന്ന് ഡി.സി.പി അറിയിച്ചു. അത്യാവശ്യ സാധനങ്ങള്‍ മാത്രമായിരിക്കും എത്തിക്കുക.

.. മുന്നറിയിപ്പില്ലാതെ പ്രഖ്യാപിച്ച സമ്ബൂര്‍ണ അടച്ചിടല്‍ തലസ്ഥാന നഗരത്തെ ഇന്നലെ വൈകിട്ടു തന്നെ നിശ്ചലമാക്കി. കടകള്‍ നിര്‍ബന്ധപൂര്‍വം അടപ്പിക്കുകയും പെട്രോള്‍ പമ്ബുകള്‍ കൂടി അടയ്‌ക്കുകയും ചെയ്തതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലായി. പാല്‍ ഉള്‍പ്പെടെ അവശ്യസാധനങ്ങള്‍ കരുതാന്‍ പോലും സാവകാശം അനുവദിക്കാതെയായിയിരുന്നു അപ്രതീക്ഷിത ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപനം.

അതേസമയം, ഏറണാകുളത്തും സ്ഥിതിഗുരുതരമാണ്. സമ്ബര്‍ക്കത്തിലൂടെയുള്ള രോഗ ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പൊലീസ് വ്യാപക പരിശോധന നടത്തുകയാണ്. കൊവിഡ് പ്രോട്ടോകോള്‍ ലംഘിക്കുന്നവ‌ര്‍ക്കെതിരെ കര്‍ശന നടപടിയാണ് അധികൃതര്‍ സ്വീകരിക്കുന്നത്. സാമൂഹിക അകലം പാലിക്കാത്തതിന് കലൂരിലെ ഒരു വ്യാപാര സ്ഥാപനം അടപ്പിച്ചു. മാസ്ക് ധരിക്കാത്ത മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുകയാണെങ്കിലും എറണാകുളത്ത് സമൂഹവ്യാപനമില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിഗമനം. കൊച്ചി നഗരത്തില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടര്‍ എസ്.സുഹാസ് ഇന്നലെ അറിയിച്ചിരുന്നു.

Related posts

Leave a Comment