തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവില്‍ വന്നു. ഒരാഴ്ചത്തേക്കാണ് നിയന്ത്രണം. ഇതിന്‍റെ ഭാഗമായി ജില്ലയിലെ എല്ലാ റോഡുകളും അടച്ചു. നഗരത്തില്‍ ഒരിടത്തും വാഹന ഗതാഗതം അനുവദിക്കില്ല. എല്ലാ റോഡുകളിലും എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചു. പോലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിക്കുകയും ചെയ്തു. പോലീസ്, ഹോം ഗാര്‍ഡ്, സിവില്‍ ഡിഫന്‍സ്, ഫയര്‍ ഫോഴ്‌സ്, ജയില്‍ വകുപ്പ്, ദുരന്ത നിവാരണ അതോറിറ്റി, ജില്ലാ ഭരണകൂടം, ആര്‍.ഡി.ഒ, താലൂക്ക്-വില്ലേജ് ഓഫീസുകള്‍, ട്രഷറി, മുന്‍സിപ്പാലിറ്റിയിലെ അവശ്യ സേവന വകുപ്പുകള്‍, മറ്റ് അടിയന്തര സ്വഭാവമുള്ള വകുപ്പുകള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കു പുറമേ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കില്ല.
മാധ്യമസ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവ ജീവനക്കാരെ പരമാവധി കുറച്ചു വേണം പ്രവര്‍ത്തിക്കാന്‍. മറ്റുള്ള ഓഫീസുകള്‍ വര്‍ക്ക് ഫ്രം ഹോം നയം സ്വീകരിക്കണം.മെഡിക്കല്‍ അടിയന്തര സേവനങ്ങള്‍ക്കല്ലാതെ പൊതുജനങ്ങള്‍ പുറത്തിറങ്ങാന്‍ പാടില്ല. മെഡിക്കല്‍ ഷോപ്പുകള്‍, മറ്റ് അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നിവ രാവിലെ ഏഴുമണി മുതല്‍ വൈകിട്ട് അഞ്ച് വരെ പ്രവര്‍ത്തിക്കാം.
തലസ്ഥാനത്ത് സ്ഥിതി കൈവിട്ടുപോകാനിടയുണ്ടെന്ന ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. പുതിയ സമ്ബര്‍ക്കരോഗികളുടെ കണക്ക് കൂടി വന്നതോടെ ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തിര യോഗമാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ തീരുമാനമെടുത്തത്. അനാവശ്യമായി ആരും പുറത്തിറങ്ങരുത്. നഗരത്തില്‍ പ്രവേശിക്കാന്‍ ഒറ്റവഴി മാത്രമാണുള്ളത്. ബാക്കി റോഡുകള്‍ മുഴുവന്‍ അടയ്ക്കും.