തിരുവനന്തപുരം വെഞ്ഞാറമൂട് കൊവിഡ് 19 സ്ഥിരീകരിച്ചത് റിമാന്‍ഡ് പ്രതിക്ക്. രോഗത്തിന്‍റെ ഉറവിടം വ്യക്തമായിട്ടില്ല. വെഞ്ഞാറമൂട് സിഐ ഉള്‍പ്പെടെ 33 ഓളം പൊലീസ് ഉദ്യോഗസ്ഥരെ നിരീക്ഷണത്തിലാക്കി.
ശനിയാഴ്ച വെഞ്ഞാറമൂട് പൊലീസ് അബ്കാരി കേസില്‍ അറസ്റ്റ് ചെയ്ത പ്രതിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. റിമാന്‍ഡ് ചെയ്യുന്നതിന് മുമ്പ് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. സബ് ജയിലില്‍ കഴിഞ്ഞിരുന്ന ആളെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംസ്ഥാനത്ത് ആദ്യമായാണ് ജയില്‍ തടവുകാരന് രോഗം സ്ഥിരീകരിക്കുന്നത്. ഇയാള്‍ക്ക് എവിടെ നിന്നാണ് രോഗമുണ്ടായതെന്ന് വ്യക്തമല്ല. ഇയാളുടെ രണ്ട് സുഹൃത്തുക്കളും കേസില്‍ അറസ്റ്റിലായിരുന്നു.
രോഗിയുമായി അടുത്തിടപഴകിയ വെഞ്ഞാറമൂട് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. സിഐയും രണ്ട് ഹോം ഗാര്‍ഡും ഉള്‍പ്പെടെ 33 പേരാണ് നിരീക്ഷണത്തിലുള്ളത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ജയില്‍ ഉദ്യോഗസ്ഥരും നിരീക്ഷണത്തിലാണ്. ജയിലിലെ നിരീക്ഷണ കേന്ദ്രത്തില്‍ ഇയാളോടൊപ്പം ഉണ്ടായിരുന്ന 14 ഓളം പേരെയും വിശദമായ പരിശോധനക്ക് വിധേയമാക്കും.