തിരുവനന്തപുരം: റെയില്‍വേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിന് ഇറങ്ങിയ തൊഴിലാളിയെ കാണാതായി.
മാരായമുട്ടം സ്വദേശി ജോയിയെയാണ് കാണാതായത്. ഫയർ ആൻഡ് റെസ്ക്യൂ തെരച്ചില്‍ നടത്തുകയാണ്.
തമ്ബാനൂർ റെയില്‍വേ സ്റ്റേഷന് സമീപത്തെ ആദ്യ പ്ലാറ്റഫോമിന് സമീപത്ത് വച്ചാണ് അപകടം ഉണ്ടായത്.
കോര്‍പറേഷന്റെ താല്‍ക്കാലിക തൊഴിലാളിയാണ് ജോയി. മൂന്നു മണിക്കൂറായി ഇദ്ദേഹത്തിനായി തിരച്ചില്‍ തുടരുകയാണ്. ഒഴുക്കില്‍ പെട്ടെന്നാണ് സംശയം.
ഫയർഫോഴ്സ് എത്തി രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. സ്ഥലത്ത് മൂന്ന് ദിവസമായി ജോലി പുരോഗമിക്കുന്നുണ്ട്.
റെയില്‍വേയാണ് ഇവരെ ജോലി ഏല്‍പ്പിച്ചത്. ഇന്ന് രാവിലെ മുതല്‍ തിരുവനന്തപുരത്ത് ശക്തമായ മഴ പെയ്യുന്നുണ്ട്.
ജോയി ഒഴുക്കില്‍പ്പെട്ടതാവാം എന്നതാണ് അഗ്നിശമനസേനയുടെ പ്രാഥമിക നിഗമനം.
നിലവില്‍ സ്കൂബ ഡൈവിംഗില്‍ പരിശീലനം നേടിയ ഫയർഫോഴ്സ് അംഗങ്ങളാണ് തെരച്ചില്‍ നടത്തുന്നത്.
ഇവർ 200 മീറ്ററോളം അകത്തേക്ക് പോയിട്ടും പുരോഗതിയുണ്ടായില്ല. മാലിന്യം നീക്കിയ ശേഷമാണ് മുങ്ങല്‍ വിദഗ്ധർ പരിശോധന നടത്തുന്നത്.
ട്രാക്കിനിടയിലെ മാൻഹോളുകളിലും പരിശോധന നടത്താനുള്ള ശ്രമത്തിലാണ് സംഘം.