തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ 15 കോടിയുടെ സ്വര്‍ണ്ണക്കടത്തില്‍ യുഎഇ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത് കസ്റ്റഡിയില്‍. ഇന്ന് കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്നും കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. ദുബായില്‍ നിന്നും സാധനങ്ങള്‍ എത്തിക്കാന്‍ സരിത്തിനെയാണ് ചുമതലപ്പെടുത്തിയതെന്ന് കോണ്‍സുലേറ്റ് വ്യക്തമാക്കിയിട്ടുണ്ട്. സ്വര്‍ണം അടങ്ങിയ കാര്‍ഗോ വിട്ടു കിട്ടാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കുമേല്‍ സരിത് സമ്മര്‍ദ്ദം ചെലുത്തി. കാര്‍ഗോ തുറന്നാല്‍ നിയമ നടപടിയുണ്ടാകുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
സ്വര്‍ണം കടത്താന്‍ ശ്രമിച്ചത് ഡിപ്ലോമാറ്റിക് ഇമ്മ്യൂണിറ്റി മറയാക്കിയെന്നാണ് കസ്റ്റംസിന്‍്റെ പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ ഡിആര്‍ഐയും പ്രത്യേക അന്വേഷണം ആരംഭിച്ചു. യുഎഇയില്‍ നിന്നടക്കം വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്ന് ഡി.ആര്‍.ഐ. വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം, തിരുവനന്തപുരം വിമാനത്താവളത്തിലെ യു.എ.ഇ. കോണ്‍സുലേറ്റിന്റെ പേരില്‍ സ്വര്‍ണ്ണം വന്നതിനെക്കുറിച്ച് അറിയില്ലെന്ന് യു.എ.ഇ. കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബി കസ്റ്റംസിനെ വിവരമറിയിച്ചിരുന്നു. ഭക്ഷണ സാധനങ്ങളാണ് പാഴ്സലായി വരാറുള്ളതെന്നും കോണ്‍സല്‍ ജനറല്‍ അറിയിച്ചതായാണ് വിവരം. കോണ്‍സുലേറ്റിന്റെ വിലാസത്തില്‍ വന്ന ഡിപ്ലോമാറ്റിക് കാര്‍ഗോയില്‍ സ്റ്റീല്‍ പൈപ്പുകള്‍ക്കുള്ളിലാണ് സ്വര്‍ണ്ണം സൂക്ഷിച്ചിരുന്നത്. എന്നാല്‍ ഈ പൈപ്പുകളുള്‍പ്പടെ ഒന്നും തന്നെ ദുബൈയിലക്ക് ഓര്‍ഡര്‍ നല്‍കിയിരുന്നില്ല എന്നാണ് കോണ്‍സുലേറ്റ് കസ്റ്റംസിനെ അറിയിച്ചിരിക്കുന്നത്.