തിരുവനന്തപുരത്തെ ആരോഗ്യപ്രവര്‍ത്തകയുടെ കൊവിഡ് ഉറവിടം അജ്ഞാതം, കുടുംബശ്രീ യോഗങ്ങളിലടക്കം പങ്കെടുത്തു, സമ്ബര്‍ക്കപട്ടിക വിപുലം

തിരുവനന്തപുരം: കാട്ടാക്കട കുളത്തുമ്മലില്‍ ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച സംഭവത്തില്‍ ഉറവിടം കണ്ടെത്താനുള്ള ശ്രമം ആരോഗ്യ വകുപ്പ് ഊര്‍ജിതമാക്കി. കുളത്തുമ്മല്‍ സ്വദേശിയായ ആശാ വര്‍ക്കറിനാണ് കൊവിഡ് ബാധയുണ്ടായത്. കഴിഞ്ഞ ഒരാഴ്ചയായി നൂറ് കണക്കിനാളുകളുമായി ഇവര്‍ക്ക് സമ്ബര്‍ക്കമുണ്ടായതായാണ് വിവരം.

കുടുംബശ്രീ യോഗങ്ങള്‍, തൊഴിലുറപ്പ് യോഗങ്ങള്‍, ആശുപത്രി യോഗങ്ങള്‍ ഉള്‍പ്പെടെ ആരോഗ്യ പ്രവര്‍ത്തക പങ്കെടുത്തതായാണ് വിവരം. മൂന്ന് ദിവസങ്ങളില്‍ എവിടെയൊക്കെ സഞ്ചരിച്ചുവെന്ന് കാര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകയില്‍ നിന്ന് വ്യക്തമായ വിവരങ്ങള്‍ ലഭ്യമാകാത്തത് ആരോഗ്യ പ്രവര്‍ത്തകരെ ആശങ്കയിലാക്കിയിട്ടുണ്ട്. കൊവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ടെന്‍ഷനിലായ അവര്‍ക്ക് അക്കാര്യങ്ങള്‍ ഓര്‍മ്മയില്ലാത്തതാണ് പ്രശ്നം.

പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ റൂട്ട് മാപ്പ് ഇന്ന് പുറത്ത് വിടുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസ് അറിയിച്ചു. ആമച്ചല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ രണ്ട് ദിവസം ഒ.പിയിലും, മറ്റൊരു ദിവസം ഒരു യോഗത്തിലും ഇവര്‍ പങ്കെടുത്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കാട്ടാക്കട പഞ്ചായത്തിലെ കൊവിഡ് പ്രതിരോധ ദ്രുത കര്‍മ സേനയിലും ഇവര്‍ പ്രവര്‍ത്തിച്ചിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തി ഗൃഹനിരീക്ഷണത്തിലെ കഴിയുന്നവരെ സന്ദര്‍ശിച്ച്‌ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ജോലികളും ചെയ്തിരുന്നു. അന്യ സംസ്ഥാനത്ത് നിന്നെത്തിയവരുമായുള്ള സമ്ബര്‍ക്കത്തിനിടെയാകാം രോഗബാധയെന്നാണ് പ്രാഥമിക നിഗമനം.

എന്നാല്‍, രോഗം ബാധിച്ചതറിയാതെ കഴിഞ്ഞ ദിവസങ്ങളില്‍ ഇവര്‍ വ്യാപകമായി സഞ്ചരിച്ചിരുന്നു. ഇവരുടെ സമ്ബ‌ര്‍ക്കത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം ആമച്ചല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഒ.പിയിലെത്തിയ രോഗികളും ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരും ക്വാറന്റൈന്‍ പാലിക്കാന്‍ നിര്‍‌ദേശിച്ചിട്ടുണ്ട്.

ആശുപത്രി അണുവിമുക്തമാക്കാനുള്ള നടപടികളും തുടങ്ങി. ഡോക്ടര്‍മാരും, നഴ്‌സുമാരടക്കമുള്ള ആശുപത്രി ജീവനക്കാര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചുകഴിഞ്ഞു. സ്ഥിതിഗതികള്‍ വിലയിരുത്താനും തുടര്‍ നടപടികള്‍ക്കുമായി കളക്ടറേറ്റില്‍ ഉദ്യോഗസ്ഥരുടെ യോഗം നടന്നുവരികയാണ്. ആമച്ചല്‍ പ്രദേശം കണ്ടെയ്ന്‍മെന്റ് സോണാക്കി രോഗപ്രതിരോധ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് ശ്രമം.

Related posts

Leave a Comment