വഴയില സ്വദേശി സിന്ധുവാണ് (50) കൊല്ലപ്പെട്ടത്. സംഭവത്തില്‍ പങ്കാളി നന്ദിയോട് സ്വദേശി രാജേഷ് (46) പിടിയിലായിരുന്നു.
പന്ത്രണ്ട് വര്‍ഷമായി ഒരുമിച്ച് കഴിയുകയായിരുന്ന ഇരുവരും ഒരു മാസമായി അകല്‍ച്ചയിലായിരുന്നു. സമീപകാലത്തായി സാമ്പത്തികമായി ചില തര്‍ക്കങ്ങളും ഇരുവര്‍ക്കുമിടയില്‍ ഉണ്ടായിരുന്നു.
സിന്ധു തന്നില്‍ നിന്നുമകലുന്നെന്ന സംശയമാണ് കൊലയ്ക്ക് പിന്നിലെന്ന് പ്രതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സിന്ധു ജോലിയ്ക്ക് പോകുന്നത് സംബന്ധിച്ചും തര്‍ക്കമുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു.
രാജേഷ് പലതവണ ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.
ഇന്ന് രാവിലെ പാലോട് നില്‍ക്കുകയായിരുന്ന രാജേഷ് സിന്ധു ബസില്‍ യാത്രചെയ്യുന്നത് കണ്ടിരുന്നു. തുടര്‍ന്ന് ഇയാള്‍ നെടുമങ്ങാട് എത്തി സിന്ധു യാത്ര ചെയ്യുകയായിരുന്ന അതേ ബസില്‍ കയറി.
തുടര്‍ന്ന് സിന്ധു വഴയില ഇറങ്ങിയപ്പോള്‍ രാജേഷ് സിന്ധുവിന്റെ പിന്നാലെ പോവുകയും തിരക്ക് കുറഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നെന്നാണ് പൊലീസ് പറയുന്നത്.
സിന്ധുവിന് കഴുത്തിലും തലയ്ക്കുമാണ് വെട്ടേറ്റത്. വെട്ടേറ്റതിന് പിന്നാലെ നാട്ടുകാരും പൊലീസും ചേര്‍ന്ന് സിന്ധുവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
രണ്ടിലധികം വെട്ടേറ്റുവെന്ന് ദൃക്‌സാക്ഷി പറയുന്നു. ഇതിനിടെ നാട്ടുകാര്‍ ചേര്‍ന്ന് രാജേഷിനെ പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.