തിരുത്തലുമായി എം.വി ഗോവിന്ദന്‍; ‘ഗണപതി മത്താണെന്ന് താനോ ഷംസീറോ പറഞ്ഞിട്ടില്ല’

ന്യൂഡല്‍ഹി: മിത്ത് വിവാദത്തില്‍ മുന്‍ നിലപാട് തിരുത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഗണപതി മിത്താണെന്ന് താനോ സ്പീക്കര്‍ എ.എന്‍ ഷംസീറോ പറഞ്ഞിട്ടില്ല.

മറിച്ചുള്ളത് കള്ളപ്രചാരണങ്ങളാണ്. അല്ലാഹു മിത്തല്ലെന്നും താന്‍ പറഞ്ഞിട്ടില്ല. വിശ്വാസികള്‍ക്ക് ഗണപതിയേയോ അല്ലാഹുവിനേയോ വിശ്വസിക്കാന്‍ അവകാശമുണ്ട്. ‘പരശുരാമന്‍ മഴുവെറിഞ്ഞുണ്ടാക്കിയതാണ് കേരളം’ എന്നതാണ് മിത്തായി താന്‍ പറഞ്ഞതെന്ന് അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞൂ.

സ്വര്‍ഗത്തില്‍ ഹൂറികള്‍ ഉണ്ടെന്ന് പറയുന്നത് മിത്താണോ എന്ന ചോദ്യത്തിന് സ്വര്‍ഗവും നരകവുമുണ്ടോയെന്ന് വ്യക്തമായാലല്ലേ ബാക്കി പറയേണ്ടതുള്ളു. താന്‍ പൊന്നാനിയില്‍ നിന്നാണോ വന്നതെന്ന കെ.സുരേന്ദ്രന്‍ പറഞ്ഞതിന്റെ അര്‍ത്ഥം മനസ്സിലാകാഞ്ഞിട്ടില്ല.

ഒരു വര്‍ഗീയവാദിയുടെ ഭ്രാന്തായി മാത്രമേ അതിനെ കാണുന്നുള്ളു. അതുകൊണ്ടാണ് അത് അവഗണിച്ചത്. വര്‍ഗീയവാദികള്‍ വിശ്വാസം ഒരു ഉപകരണമായി ഉപയോഗിക്കുകയാണ്.

ശബരിമലയില്‍ പോയി ഇരുമുടികെട്ട് വലിച്ചെറിഞ്ഞപ്പോള്‍ താന്‍ പറഞ്ഞതാണ് സുരേന്ദ്രന്‍ വിശ്വാസിയല്ലെന്ന്. നാമജപം ചൊല്ലിയാലും ഇക്വിലാബ് സിന്ദാബാദ് വിളിച്ചാലും നിയമം ലംഘിച്ചാണെങ്കില്‍ കേസെടുക്കും.

ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാക്യത്തില്‍ കേസെടുക്കാന്‍ വൈകിയത് ചൂണ്ടിക്കാട്ടിയപ്പോള്‍ ‘വൈകി വന്ന പരാതിയില്‍ വൈകി നടപടിയുണ്ടാകുമെന്നായിരുന്നു മറുപടി.

ഡിവൈഎഫ്‌ഐ നേതാവ് വൈശാഖനെതിരെ നടപടി എടുത്തിട്ടില്ല. പാര്‍ട്ടി നിര്‍ദേശപ്രകാരം വൈശാഖന്‍ നിര്‍ബന്ധിത അവധിയിലാണ്. ചാനലും പത്രവും നോക്കി മറുപടി പറയാനാവില്ല.

ഒരു പാര്‍ട്ടി പ്രവര്‍ത്തക നല്‍കിയ പരാതിയില്‍ വൈശാഖനെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്താന്‍ നടപടി സ്വീകരിച്ചിരുന്നു.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തില്‍ ‘ഗണപതി മിത്താല്ലാതെ മറ്റെന്താണ് ശാസ്ത്രമാണോയെന്നായെന്നായിരുന്നു പ്രതികരണം. ഷംസീര്‍ പറഞ്ഞത് ശരിയാണ്.

അതില്‍ മാപ്പ് പറയാനോ തിരുത്തലിനോ ഇല്ലെന്നായിരുന്നു മറുപടി. എം.വി ഗോവിന്ദന്റെ പത്രസമ്മേളനത്തിനു പിന്നാലെ മാധ്യമങ്ങളെ കണ്ട എ.എന്‍ ഷംസീര്‍ പാര്‍ട്ടി സെക്രട്ടറി പറഞ്ഞതിന് അപ്പുറം ഇക്കാര്യത്തില്‍ പറയാനില്ലെന്നും പറഞ്ഞിരുന്നു.

എം.വി ഗോവിന്ദന്‍ നിലപാട് തിരുത്തിയതോടെ ഷംസീറും ഇനി നിലപാട് തിരുത്തുമോ എന്നാണ് വ്യക്തമാകാനുള്ളത്.

Related posts

Leave a Comment