തിരുവനന്തപുരം: കോഫി ഷോപ്പിലേതിന് സമാനമായി ചായയും കുടിച്ച് സ്നാക്സും കഴിച്ച് കെ.എസ്.ആര്‍.ടി.സി ഡബിള്‍ ഡക്കര്‍ ബസില്‍ നഗരം ചുറ്റിക്കാണാന്‍ അവസരമൊരുങ്ങുന്നു.
ഇതിനായി കെ.എസ്.ആര്‍.ടി.സി രണ്ട് ഇലക്‌ട്രിക് ഡബിള്‍ ഡക്കര്‍ ബസുകള്‍ വാങ്ങാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. സ്മാര്‍ട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡുമായി ചേര്‍ന്നാണ് ബസുകള്‍ വാങ്ങുന്നത്. ആറാം തീയിതി വരെ ടെന്‍ഡര്‍ സമര്‍പ്പിക്കാം.
താഴെ റസ്റ്റോറന്റ്, മുകളില്‍ നഗരക്കാഴ്ച
ബസിന്റെ താഴത്തെ നിലയെ റസ്റ്റോറന്റായി മാറ്റും. ഫ്രിഡ്ജ്,മൈക്രോവേവ് ഒവന്‍,ഭക്ഷണം പാകം ചെയ്ത് സൂക്ഷിക്കാന്‍ സ്ഥലം എന്നിവയുണ്ടാകും. കോഫീ ഷോപ്പുകളിലേതിന് സമാനമായി യാത്രക്കാര്‍ക്ക് ഇരിക്കാനുള്ള സൗകര്യവും ഒരുക്കും.
ഇലക്‌ട്രിക് ബസിന്റെ മേല്‍ക്കൂര ആവശ്യാനുസരണം ഇളക്കിമാറ്റാന്‍ കഴിയുന്നതായിരിക്കണമെന്ന് ടെന്‍ഡറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബസുകളുടെ അഞ്ച് വര്‍ഷത്തെ പരിപാലന ചുമതലയും ടെന്‍ഡര്‍ എടുക്കുന്ന കമ്പനിക്കായിരിക്കും.
രണ്ട് വര്‍ഷം അല്ലെങ്കില്‍ 2 ലക്ഷം കിലോമീറ്റര്‍ (ഏതാണോ ആദ്യം) വരെ വാറന്റിയും കരാറുകാരന്‍ നല്‍കണം. മരങ്ങളുടെ ചില്ലകളും മറ്റും തട്ടിയുണ്ടാകുന്ന അപകടം ഒഴിവാക്കാന്‍ വശങ്ങളില്‍ വിന്‍ഡ് ഷീല്‍ഡുകളും സ്ഥാപിക്കണം.
പ്രത്യേകതകള്‍
നീളം 9.7 മീറ്റര്‍
വീതി 4.75 മീറ്റര്‍.
സീറ്റുകള്‍: 66
ജി.പി.എസ് സംവിധാനത്തോടെയുള്ള അനൗണ്‍സ്‌മെന്റ്
മലയാളം,ഇംഗ്ലീഷ്,ഹിന്ദി,തമിഴ്,തെലുങ്ക്,കന്നഡ,ബംഗാളി,മറാത്തി ഭാഷകളില്‍ ഡിജിറ്റല്‍ ബോര്‍ഡ്
ഒറ്റച്ചാര്‍ജില്‍ ഓടാവുന്ന ദൂരം: 120 കി.മീ
സിറ്റി റൈഡ്
വിദേശരാജ്യങ്ങളിലേതിന് സമാനമായി ഇരുനില ബസിലെ മുകള്‍ ഭാഗത്തെ മേല്‍ക്കൂര ഒഴിവാക്കിയ ഡബിള്‍ ഡക്കര്‍ ഓപ്പണ്‍ ഡെക്ക് ബസ് ഇപ്പോള്‍ തലസ്ഥാനത്ത് സര്‍വീസ് നടത്തുന്നുണ്ട്, പദ്മനാഭസ്വാമി ക്ഷേത്രം, സെക്രട്ടേറിയറ്റ്,നിയമസഭ,മ്യൂസിയം,കനകക്കുന്ന് കൊട്ടാരം,വെള്ളയമ്പലം,കോവളം,ലുലുമാള്‍ റൂട്ടിലാണ് രാത്രി ഈ ബസിന്റെ സര്‍വീസ്.
നിലവില്‍ വൈകിട്ട് 5 മുതല്‍ 10 വരെ നീണ്ടുനില്‍ക്കുന്ന നൈറ്റ് സിറ്റി റൈഡും രാവിലെ 9 മുതല്‍ 4 വരെ നീണ്ടുനില്‍ക്കുന്ന ഡേ സിറ്റി റൈഡുമാണുള്ളത്. 250 രൂപയാണ് ടിക്കറ്റ് നിരക്ക്.
യാത്രക്കാര്‍ക്ക് വെല്‍ക്കം ഡ്രിങ്ക്സ്,സ്നാക്സ് എന്നിവയും ലഭ്യമാണ്.ഡീസല്‍ ബസുകള്‍ക്ക് കിലോമീറ്ററിന് 37 രൂപ ചെലവാകുമ്ബോള്‍ ഇലക്‌ട്രിക് ബസുകള്‍ക്ക് 23 രൂപയേ ചെലവ് വരുന്നുള്ളൂ.