അങ്കമാലി: അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ വ്യാഴാഴ്ച രാത്രി മുഴുവന്‍
രോഗികളെ ബുദ്ധിമുട്ടിലാക്കി സിനിമാ ചിത്രീകരണം നടത്തിയെന്ന പരാതിയില്‍ നടപടിയുമായി
മനുഷ്യാവകാശ കമ്മീഷന്‍.സര്‍ക്കാര്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സിനിമ ചിത്രീകരിക്കാന്‍
അനുമതി നല്‍കിയവര്‍ ഏഴ് ദിവസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വികെ ബീനാകുമാരി ആവശ്യപ്പെട്ടു.
എറണാകുളം ജില്ല മെഡിക്കല്‍ ഓഫിസര്‍, അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവര്‍ക്കാണ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്.
ഫഹദ് ഫാസില്‍ നിര്‍മിക്കുന്ന ‘പൈങ്കിളി’ എന്ന സിനിമയാണ് ഇവിടെ ചിത്രീകരിച്ചത്. രാത്രി ഒമ്ബത് മണിയോടെയാണ് ചിത്രീകരണം തുടങ്ങിയത്.
അത്യാഹിത വിഭാഗത്തിലെ ലൈറ്റുകള്‍ മറച്ചും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയുമായിരുന്നു ചിത്രീകരണമെന്നാണ് പരാതി.
അഭിനേതാക്കള്‍ ഉള്‍പ്പെടെ 50 ഓളം പേര്‍ അത്യാഹിത വിഭാഗത്തില്‍ ഉണ്ടായിരുന്നു. ഡോക്ടര്‍മാര്‍ ചികിത്സ തുടരുന്നതിനിടയിലും സിനിമാ ചിത്രീകരണം നടന്നുവെന്നാണ് മനസ്സിലാക്കുന്നത്.
പരിമിതമായ സ്ഥലമാണ് അത്യാഹിത വിഭാഗത്തിലുള്ളത്. അത്യാസന്ന നിലയിലുള്ള രോഗിയുമായി
എത്തിയയാള്‍ക്ക് അത്യാഹിത വിഭാഗത്തിലേക്ക് പ്രവേശിക്കാന്‍ പോലുമായില്ലെന്നും ആരോപണമുണ്ട്.
പ്രധാന കവാടത്തിലൂടെ ആരെയും കടത്തിവിട്ടുമില്ല. ചിത്രീകണ സമയത്ത് നിശബ്ദത
പാലിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ രോഗികളോടും കൂട്ടിരിപ്പുകാരോടും നിര്‍ദേശിക്കുന്നുണ്ടായിരുന്നു.
രണ്ടുദിവസമാണ് ചിത്രീകരണം നടക്കുന്നത്. സ്വകാര്യ ആശുപത്രി എന്ന നിലയിലാണ് സര്‍ക്കാര്‍ ആശുപത്രി സിനിമയില്‍ ചിത്രീകരിച്ചത്.