ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു മീരയുടെ വിവാഹം. ആറ്റുകാല്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു ചടങ്ങുകള്‍. കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ മീര വികാരാധീനയാകുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
താലി കെട്ടും മുമ്ബ് ഞാന്‍ കരഞ്ഞു പോയി. രണ്ടാണ് കാരണം. ഒന്ന് ഏറ്റവും പ്രിയപ്പെട്ട ആളിനൊപ്പം ജീവിച്ചു തുടങ്ങുന്നതിന്റെ സന്തോഷം. മറ്റൊന്ന് അച്ഛനെയും അമ്മയെയും വിട്ടു പോകുന്നതിന്റെ വിഷമം. ഞാന്‍ ഒറ്റ മോളാണ്. വീടുമായി വൈകാരികമായി വളരെ അടുപ്പമുള്ള ആളുമാണ് ഞാന്‍. അച്ഛനും ഭയങ്കര കരച്ചിലായിരുന്നു’.
വിവാഹത്തിനു മുന്‍പു തന്നെ പലരും തങ്ങളെ ഡിവോഴ്സ് ആക്കിയെന്നും മീര പറയുന്നു: നിശ്ചയം നടന്നിട്ട് 6 മാസം കഴിഞ്ഞു. സോഷ്യല്‍ മീഡിയയിലൊക്കെ വലിയ വാര്‍ത്തകള്‍ വന്നു. ഞാന്‍ പലയിടത്തും പോകുമ്ബോള്‍ എല്ലാവരും ചോദിക്കുക ‘കല്യാണം കഴിഞ്ഞിട്ടും ചെക്കനെ കാണുന്നില്ലല്ലോ. എന്താ ഡിവോഴ്സ് ആണോ’ എന്നാണ്. കല്യാണമല്ല നിശ്ചയമാണ് കഴിഞ്ഞതെന്നു പറഞ്ഞു പറഞ്ഞു മടുത്തു.
ലോക്ക് ഡൗണ്‍ ആയപ്പോള്‍ എനിക്കും വിഷ്ണുവിനും കാണാന്‍ പറ്റുമായിരുന്നില്ല. ഏപ്രില്‍ തൊട്ട് എഴുപത് എണ്‍പത് ദിവസം ഞങ്ങള്‍ തമ്മില്‍ നേരില്‍ കണ്ടിട്ടില്ല. അതിന്റെ സങ്കടത്തിനിടെയാണ് ഈ ചോദ്യം. ലോകം ഇത്തരം ഒരു വലിയ പ്രതിസന്ധിയെ നേരിടുമ്ബോള്‍ മറ്റുള്ളവരുടെ ജീവിതത്തില്‍ എന്തെങ്കിലും ദുരന്തം സംഭവിച്ചോ എന്നറിയാനാണ് ആളുകള്‍ക്ക് ആകാംക്ഷ എന്നതാണ് മറ്റൊരു തമാശ.
അതിനിടെ വലിയ വേദനയുണ്ടായ ഒരു സംഭവമുണ്ടായി. ഒരിക്കല്‍ ഞാന്‍ ഒരു സ്ഥലത്ത് കാറില്‍ ചെന്നിറങ്ങുമ്ബോള്‍ ഒരു ചേച്ചി വന്ന് കാറിനകത്തേക്ക് ഏന്തിവലിഞ്ഞ് നോക്കിയിട്ട് ചോദിക്കുവാ, ”യൂ ട്യൂബില്‍ കല്യാണം കഴിഞ്ഞതു കണ്ടു. ഭര്‍ത്താവ് ഒപ്പം ഇല്ലേ…? ” എന്ന്.
കല്യാണമല്ല നിശ്ചയമാണ് കഴിഞ്ഞത് എന്നു ഞാന്‍ പറഞ്ഞപ്പോള്‍ ”അല്ല കല്യാണം കഴിഞ്ഞ് ഡിവോഴ്സ് ആയി എന്ന് യൂട്യൂബില്‍ കണ്ടല്ലോ” എന്നാണ് അവര്‍ പറഞ്ഞത്. ഞാന്‍ അന്തം വിട്ടു നിന്നു പോയി.
അടുത്തിടെ ഒരു യൂ്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ വിവാഹ നിശ്ചയത്തിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തപ്പോള്‍ കൂടുതല്‍ കിട്ടിയ കമന്റേതാണെന്ന് ചോദിച്ചപ്പോള്‍, ‘പത്ത് കമന്റില്‍ 6 കമന്റും ഞാന്‍ കണ്ടത് എന്‍ഗേജ്മെന്റു പോലെ ഡിവോഴ്സും ഇവരൊക്കെ ആഘോഷിക്കണ്ടതല്ലേ…’ എന്നാണെന്നു ഞാന്‍ പറഞ്ഞു.
അതോടൊപ്പം ‘ആദ്യം ഞങ്ങള്‍ ഒന്നു കല്യാണം കഴിച്ചോട്ടെ. പിന്നെ ഡിവോഴ്സിനെക്കുറിച്ച് പറയാം’ എന്നും ഞാന്‍ തമാശയായി പറഞ്ഞു. പക്ഷേ അഭിമുഖം വന്നപ്പോള്‍ അവര്‍ ഇട്ട ഹെഡ്ഡിങ് ‘ഡിവോഴ്സിനെ പറ്റി മീര’ എന്നാണ്. അതു തുറന്നു പോലും നോക്കാത്ത ആളുകള്‍ കരുതിയത് ഞാന്‍ കല്യാണം കഴിച്ച് ഡിവോഴ്സും ആയി എന്നാണ്. അവരോടൊക്കെ എന്താണ് പറയുക.