തിരുവനന്തപുരം: താമസസ്ഥലം, സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നു നിശ്ചിത അകലം പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ഫാമുകള്‍ക്കെതിരെ കര്‍ശന നടപടിക്ക് സര്‍ക്കാര്‍.
കന്നുകാലി, ആട്, മുയല്‍, കോഴി, പന്നി ഫാമുകള്‍ക്കാണ് ഇതു ബാധകം. 2016 ഓഗസ്റ്റ് 31നു മലിനീകരണ നിയന്ത്രണ ബോര്‍ഡ് പുറപ്പെടുവിച്ച സര്‍ക്കുലറാണു കര്‍ശനമാക്കുന്നത്.
ബോര്‍ഡിന്റെ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്നതും പൊതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും ഭീഷണി ഉയര്‍ത്തുന്നതുമായ എല്ലാത്തരം മൃഗഫാമുകളും അടച്ചുപൂട്ടാന്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു. കൊല്ലം മേലില പഞ്ചായത്തിലെ ഉപാസന ഡെയറി ഫാം ഉടന്‍ അടച്ചുപൂട്ടാനും ഉത്തരവിട്ടിരുന്നു.
നിബന്ധനകള്‍ ഇങ്ങനെ
5 കന്നുകാലി (പശു, കാള, എരുമ), 20 ആട്, 26 മുയല്‍, 100 കോഴി എന്നിവയില്‍ താഴെ വളര്‍ത്തുന്നവര്‍ക്കു നിബന്ധനകള്‍ ബാധകമല്ല.
5 പന്നികളില്‍ താഴെ വളര്‍ത്തുന്നവരെയും ഒഴിവാക്കി. എന്നാല്‍, താമസസ്ഥലത്തുനിന്നു കുറഞ്ഞത് 100 മീറ്റര്‍ അകലം ഉണ്ടായിരിക്കണം.
പുതുതായി ആരംഭിക്കുന്ന നായ ഫാമില്‍ എണ്ണം സംബന്ധിച്ച നിബന്ധനകള്‍ ബാധകമല്ല. താമസസ്ഥലത്തുനിന്നു കുറഞ്ഞത് 25 മീറ്റര്‍ അകലം ഉണ്ടാകണം.