തല്ലുമാല ഷൂട്ടിംഗ് ലൊക്കേഷനില്‍ നാട്ടുകാരുമായി സംഘര്‍ഷം: മാലിന്യം തള്ളുന്നത് ചോദ്യം ചെയ്ത നാട്ടുകാരനെ ഷൈന്‍ ടോം ചാക്കോ തല്ലിയെന്ന് ആരോപണം

കൊച്ചി: എറണാകുളം കളമശേരിയില്‍ നാട്ടുകാരും സിനിമാ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. നടന്‍ ഷൈന്‍ ടോം ചാക്കോ മര്‍ദ്ദിച്ചെന്നാണ് പരാതി.

നടന്റെ മര്‍ദനത്തില്‍ പരുക്കേറ്റ ഷമീര്‍ എന്നയാള്‍ ആശുപത്രിയില്‍. തല്ലുമാല എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് സംഘര്‍ഷമുണ്ടായത്.

നാട്ടുകാരാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. നിലവില്‍ സംഭവത്തെ കുറിച്ച്‌ പരാതിയെന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. കളമശേരി എച്ച്‌എംടി കോളനിയിലാണ് സിനിമയുടെ സെറ്റിട്ടിരിക്കുന്നത്. ഇവിടെ സിനിമ പ്രവര്‍ത്തകര്‍ മാലിന്യം തള്ളുന്നത് നാട്ടുകാര്‍ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിലേക്ക് വഴിതെളിയിച്ചത്.

ഇന്നലെ രാത്രിയാണ് ഒരു വാഹനത്തില്‍ മാലിന്യം കൊണ്ടുവന്ന് എച്ച്‌എംടി കോളനിയിലെ ജനവാസ മേഖലയില്‍ തള്ളിയത്. ഇത് നാട്ടുകാര്‍ ഇവിടെ വച്ച്‌ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ലോക്കേഷനിലേക്ക് സംഘടിച്ചെത്തിയ നാട്ടുകാരും സിനിമ പ്രവര്‍ത്തകരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടാകുകയായിരുന്നു. ഇതിനിടയില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ ഒരു നാട്ടുകാരനെ മര്‍ദ്ദിച്ചുവെന്നാണ് പരാതി.

പരിക്കേറ്റ ഷെമീര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആദ്യഘട്ടത്തില്‍ സ്ഥലത്തെത്തിയ പൊലീസ് ഇരുവിഭാഗവുമായി സംസാരിച്ച്‌ പ്രശ്‌നം രമ്യതയില്‍ പരിഹരിച്ചിരുന്നു. ഇപ്പോള്‍ നാട്ടുകാര്‍ വീണ്ടും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ജനവാസ മേഖലയിലേക്ക് ഇത്തരത്തിലുള്ള സിനിമ സെറ്റുകളില്‍ നിന്ന് മാലിന്യം തള്ളുന്നത് പതിവാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

സിനിമ ലൊക്കേഷനിലേക്കെത്തുമ്ബോള്‍ തങ്ങള്‍ക്കു നേരെ മര്‍ദ്ദനമുണ്ടായെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ സിനിമ പ്രവര്‍ത്തകരാകട്ടെ നാട്ടുകാര്‍ ലൊക്കേഷനില്‍ കയറി മര്‍ദ്ദിച്ചുവെന്നാണ് പറയുന്നത്. ഇപ്പോള്‍ ലൊക്കേഷനിലെ രണ്ടു പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Related posts

Leave a Comment