തലയില്‍നിന്ന് നാലു വെടിയുണ്ടകളും നീക്കംചെയ്തു; പ്രദീപിന് പുനര്‍ജന്മം

കാക്കനാട്: ഏഴു മാസമായി മസ്തിഷ്കത്തിനുള്ളില്‍ നാലു വെടിയുണ്ടകളുമായി മരണത്തിനും ജീവിതത്തിനുമിടയില്‍ കഴിയേണ്ടിവന്ന മുപ്പത്തിരണ്ടുകാരന് അപൂര്‍വ ശസ്ത്രക്രിയയിലൂടെ പുനര്‍ജന്മം.
ഇടുക്കി മൂലമറ്റം സ്വദേശിയായ പ്രദീപിന്‍റെ (32) മസ്തിഷ്‌കത്തില്‍ പല ഭാഗങ്ങളിലായി കിടന്നിരുന്ന നാല് വെടിയുണ്ടകളാണ് കാക്കനാട് സണ്‍റൈസ് ആശുപത്രിയില്‍ നടന്ന കീഹോള്‍ സ്റ്റീരിയോടാക്റ്റിക് ന്യൂറോ നാവിഗേഷന്‍ ഗൈഡഡ് എന്ന അപൂര്‍വ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.

ന്യൂറോ സര്‍ജന്‍ ഡോ. ജെയിന്‍ ജോര്‍ജ്, ന്യൂറോളജിസ്റ്റ് ജേക്കബ് ചാക്കോ, ഡോ. ഷൈമ, അനസ്‌തെറ്റിസ്റ്റ് ഡോ. ഷാജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.

കഴിഞ്ഞ മാര്‍ച്ച്‌ 26ന് മൂലമറ്റത്തെ വീട്ടില്‍നിന്നും കൂട്ടുകാരന്‍റെ മകളുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോയതാണ് പ്രവാസിയായിരുന്ന മാളിയേക്കല്‍ പ്രദീപ്. സ്കൂട്ടറില്‍ സുഹൃത്ത് സനലിനോടൊപ്പം മടങ്ങിവരുംവഴി മൂലമറ്റം അശോക കവലയിലെ തട്ടുകടയ്ക്കു മുന്നില്‍ വച്ചാണ് പ്രദീപിനും സനലിനും വെടിയേറ്റത്. സനല്‍ സംഭവസ്ഥലത്തു മരിച്ചു.

തട്ടുകടയില്‍ ഭക്ഷണം കഴിക്കുന്നതിനിടയില്‍ ഫിലിപ്പ് മാര്‍ട്ടിന്‍ എന്ന യുവാവാണ് ഇവര്‍ക്കു നേരേ വെടി ഉതിര്‍ത്തത്. സ്വകാര്യ മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ നടത്തിയെങ്കിലും പ്രദീപിന് സംസാര ശേഷിയും കാഴ്ചശക്തിയും പൂര്‍ണമായും വീണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

സണ്‍റൈസ് ആശുപത്രിയില്‍ അപൂര്‍വ ശസ്ത്രക്രിയയ്ക്ക് വിധേയനായ പ്രദീപ് കാഴ്ചശക്തിയും സംസാരശേഷിയും വീണ്ടെടുത്തതായി ഡോ. ജെയിന്‍ ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിയ പ്രദീപ് ഭാര്യ പൊന്നുവിനും മക്കളായ തേജസ്, തീര്‍ത്ഥ എന്നിവര്‍ക്കുമൊപ്പം മൂലമറ്റത്തെ വീട്ടിലേക്കു മടങ്ങി. ഇന്ത്യയില്‍ത്തന്നെ ആദ്യമായാണ് ഇത്തരം ശസ്ത്രക്രിയ നടക്കുന്നതെന്ന് സണ്‍റൈസ് ചെയര്‍മാനും പ്രമുഖ കീ ഹോള്‍ ശസ്ത്രക്രിയാ വിദഗ്ധനുമായ ഡോ. ഹഫീസ് റഹ്‌മാന്‍ പറഞ്ഞു.

Related posts

Leave a Comment