തമിഴ്‌നാട് മുഖ്യമന്ത്രിയായി എം. കെ സ്റ്റാലിന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു സത്യപ്രതിജ്ഞ. സ്റ്റാലിനൊപ്പം 34 അംഗ മന്ത്രിസഭയും ചുമതലയേറ്റു.
മൂന്നുവര്‍ഷത്തോളം ഡിഎംകെ അധ്യക്ഷനായ എം കെ സ്റ്റാലിന്‍ ആദ്യമായിട്ടാണ് മുഖ്യമന്ത്രി പദവിയില്‍ എത്തുന്നത്. ഡിഎംകെ ജനറല്‍ സെക്രട്ടറി ദുരൈമുരുഗന്‍, മുന്‍ ചെന്നൈ മേയര്‍ മാ സുബ്രഹ്മണ്യം, പളനിവേല്‍ ത്യാഗരാജന്‍, കെ എന്‍ നെഹ്‌റു ആര്‍ ഗാന്ധി എന്നിവരാണ് സ്റ്റാലിന്‍ മന്ത്രിസഭയിലെ മറ്റ് പ്രമുഖര്‍. 34 അംഗ മന്ത്രിസഭയില്‍ രണ്ട് വനിത അംഗങ്ങളുമുണ്ട്. പി ഗീത ജീവന്‍ സാമൂഹ്യക്ഷേമ വനിത ശാക്തീകരണ വകുപ്പും, എന്‍ കായല്‍വിഴി സെല്‍വരാജിന് ആദി ദ്രാവിഡ ക്ഷേമ വകുപ്പും നല്‍കി.
അതേസമയം, ചെപ്പോക്ക് – തിരുവല്ലിക്കേനി മണ്ഡലത്തില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച മകന്‍ ഉദയനിധി സ്റ്റാലിന്റെ പേര് ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്നെങ്കിലും പട്ടികയില്‍ ഉള്‍പ്പടുത്തിയില്ല. 230 അംഗ നിയമസഭയില്‍ 159 സീറ്റുകളില്‍ വിജയം നേടിയാണ് പത്തുവര്‍ഷത്തിനുശേഷം ഡിഎംകെ സഖ്യം അധികാരത്തിലേറുന്നത്.