ചെന്നൈ: ബഹുജൻ സമാജ്വാദി പാർട്ടിയുടെ (ബിഎസ്പി) തമിഴ്നാട് സംസ്ഥാന ഘടകം അധ്യക്ഷൻ കെ.ആംസ്ട്രോങിനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ എട്ട് പ്രതികള്‍ പൊലീസ് പിടിയില്‍.
വെള്ളിയാഴ്ച രാത്രി 7.30-ഓടെ ഇരുചക്രവാഹനങ്ങളിലെത്തിയ ആറംഗസംഘം ആംസ്ട്രോങ്ങിനെ ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചശേഷം രക്ഷപ്പെടുകയായിരുന്നു.
ചെന്നൈ പെരമ്ബൂരിലെ സദയപ്പൻ സ്ട്രീറ്റിലുള്ള ആംസ്ട്രോങ്ങിന്റെ വീടിനുസമീപത്തുവെച്ചാണ് ആക്രമണം ഉണ്ടായത്.
കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ 8 പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി, ചെന്നൈ അഡീഷണല്‍ കമ്മീഷണർ അസ്ര ഗാർഗ് പറഞ്ഞു.
“പ്രാഥമിക അന്വേഷണം നടക്കുകയാണ്. പൊലീസ് പത്ത് ടീമുകളെ രൂപീകരിച്ചിട്ടുണ്ട്. കുറ്റവാളികളെ എത്രയും പെട്ടന്ന് വെളിച്ചത്തുകൊണ്ടുവരാനുള്ള നടപടികള്‍ നടക്കുകയാണ്.
കൊലപാതകത്തിന് പിന്നില്‍ ഒന്നിലേറെ കാരണങ്ങളുണ്ടെന്നാണ് കരുതുന്നത്. കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്യുന്നതാല്‍ മാത്രമേ, മറ്റു പ്രധാന വിവരങ്ങള്‍ കണ്ടെത്താനാകു,” പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
47 കാരനായ ആംസ്ട്രോങ് വീടിന് സമീപം സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിച്ച് നില്‍ക്കുന്നതിനിടെയാണ് ആറംഗസംഘം മാരകായുധങ്ങളുമായി എത്തി വെട്ടി പരിക്കേല്‍പ്പിച്ചത്.
വെട്ടുകത്തിയും അരിവാളും വീശിയതോടെ ആംസ്ട്രോങ്ങിന് ഒപ്പമുള്ളവർ ഓടി രക്ഷപ്പെടുകയായിരുന്നു. ആക്രമണം ചെറുക്കാൻ ശ്രമിച്ചവരെ ഭീഷണിപ്പെടുത്തി.
നിലവിളി കേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോള്‍, തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന ആംസ്ട്രോങ്നെയാണ് കാണുന്നത്.
ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും, ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.
മൂന്ന് ബൈക്കുകളിലായി എത്തിയ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് സ്ഥിതിഗതികള്‍ നിരീക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥൻ വെള്ളിയാഴ്ച അറിയിച്ചിരുന്നു.
ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഐ. ഈശ്വരൻ, അസിസ്റ്റൻ്റ് കമ്മീഷണർ പ്രവീണ്‍ കുമാർ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.
പ്രദേശത്ത് കൂടുതല്‍ ആക്രമണങ്ങളോ കലാപമോ ഉണ്ടാകാതിരിക്കാൻ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്.
അഭിഭാഷകനായ ആംസ്ട്രോങ് നിയമ ബിരുദം നേടിയതിന് പിന്നാലെ, രാഷ്ട്രീയ ജീവിതം ആരംഭിച്ചിരുന്നു.
രാഷ്ട്രീയ ജീവിതത്തില്‍, എട്ട് ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 2006ലെ, തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാർത്ഥിയായി ആംസ്ട്രോങ് വിജയിച്ചിരുന്നു. ഭാര്യയും മകളുമുണ്ട്.
ഡിഎംകെ ഭരണത്തില്‍ ക്രമസമാധാന നില തകരുകയാണെന്ന് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ.പളനിസ്വാമി പറഞ്ഞു.
കൊലപാതകം അന്വേഷിക്കാനും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും പ്രത്യേക സംഘം വേണമെന്ന് വി.സി.കെ മേധാവി തോല്‍ തിരുമാവളവൻ ആവശ്യപ്പെട്ടു.