തമിഴ്നാട്ടില്‍ നിന്ന് ആളുകള്‍ കൂടുതലായെത്തുന്നു, അതിര്‍ത്തി പ്രദേശങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ച്‌ നിരീക്ഷണം, ഒളിച്ചുകടക്കല്‍ തടയാന്‍ നാല് ചെക്ക് പോസ്റ്റുകള്‍ സ്ഥാപിക്കും

കോട്ടയം:ഗ്രീന്‍ സോണിലായിരുന്ന കോട്ടയം, ഇടുക്കി ജില്ലകള്‍ ഓറഞ്ച് സോണിലേക്ക് മാറിയതോടെ രണ്ട് ജില്ലകളും അതീവ ജാഗ്രതയില്‍. ഇന്ന് രാവിലെതന്നെ പൊലീസ് അതിശക്തമായ പരിശോധനകളുമായി രംഗത്ത് എത്തിയിട്ടുണ്ട്. റോഡിലിറങ്ങുന്ന ഓരോ വാഹനങ്ങളും വിശദമായി പരിശോധിച്ചും എന്തിന്, എവിടെ പോവുന്നുവെന്ന് ചോദിച്ചറിഞ്ഞുമാണ് തുടര്‍യാത്ര അനുവദിക്കുന്നത്. പൊലീസ് ശക്തമായ നടപടി സ്വീകരിച്ചതോടെ അത്യാവശ്യമില്ലാതെ വാഹനങ്ങളുമായി റോഡിലിറങ്ങുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു. ഇന്ന് രാവിലെ പതിവിനു വിരുദ്ധമായി കാര്യമായി വാഹനങ്ങള്‍ കോട്ടയത്ത് ഇറങ്ങിയില്ല. നഗരം വിജനമാണ്. നാമമാത്രമായ വാഹനങ്ങള്‍ മാത്രമേ കോട്ടയം നഗരത്തില്‍ കണ്ടുള്ളു.

അതേസമയം കൊവിഡ് ബാധിതര്‍ ഏറെയുള്ള തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് തൊഴിലാളികളും മറ്റും കൂടുതലായി എത്തുന്നതോടെ ഇടുക്കിയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ച്‌ നിരീക്ഷണം നടത്താന്‍ ഇടുക്കി ജില്ലാ പൊലീസ് തീരുമാനിച്ചു. ഇന്ന് രാവിലെ തന്നെ ഡ്രോണ്‍ ഉപയോഗിച്ച്‌ തുടങ്ങുമെന്നാണ് അറിയുന്നത്.

കൂടാതെ കുമളിയ്ക്ക് സമീപമുള്ള നാല് സമാന്തര പാതകളില്‍ ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ച്‌ തമിഴ്നാട്ടില്‍ നിന്നും ഒളിച്ചുകടക്കുന്നവരെ പിടികൂടാന്‍ ഇടുക്കി ജില്ലാ പൊലീസ് ചീഫ് പി.കെ മധു നിര്‍ദ്ദേശം നല്കി. റോസാപൂക്കണ്ടം, പാണ്ടിക്കുടി, കുങ്കിരിപ്പെട്ടി, വലിയപാറ എന്നിവിടങ്ങളിലാണ് താത്ക്കാലിക ചെക്ക് പോസ്റ്റുകള്‍ സ്ഥാപിക്കുക. ഇന്നലെ ഇടുക്കിയില്‍ നാല് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ മൂന്നുപേരും തമിഴ്നാട്ടില്‍ നിന്ന് എത്തിയവരാണ്.

കോട്ടയത്ത് രണ്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ കോട്ടയം നഗരസഭയിലെ നാല് വാര്‍ഡുകളും രണ്ട് പഞ്ചായത്തുകളും ഹോട്സ് പോര്‍ട്ടാക്കി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ പനച്ചിക്കാട്, വിജയപുരം പഞ്ചായത്തുകളില്‍ പരിശോധന കര്‍ക്കശമാക്കി. കൂടാതെ മാര്‍ക്കറ്റ് സ്ഥിതിചെയ്യുന്ന കോട്ടയം മുനിസിപ്പാലിറ്റിയിലെ 20, 29, 36, 37 വാര്‍ഡുകളും അടച്ചുപൂട്ടി. മാര്‍ക്കറ്റിലേക്ക് ഒരു വാഹനങ്ങളും കടത്തിവിടുന്നില്ല. യാത്രക്കാര്‍ക്കും പ്രവേശനമില്ല. ഇന്ന് ഉച്ചയോടെ അണുനശീകരണം മാര്‍ക്കറ്റിലും സമീപ പ്രദേശങ്ങളിലും നടത്തും. മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചതെടെയാണ് കൂടുതല്‍ നടപടികളുമായി ആരോഗ്യ പ്രവര്‍ത്തകരും പൊലീസും രംഗത്തെത്തിയത്.

Related posts

Leave a Comment