സിനിമാ അഭിനയ ലോകത്തേക്ക് കടന്നുവന്ന വഴികൾ യാത്ര ഏറെ പ്രയാസം നിറഞ്ഞതായിരുന്നുവെന്ന് ഇർഷാദ് പറയുന്നു. 1995ൽ റിലീസ് ചെയ്ത പാർവതി പരിണയം എന്ന ചിത്രത്തിലൂടെയായിരുന്നു ഇർഷാദിന്റെ അരങ്ങേറ്റം.
ഇർഷാദിന്റെ വാക്കുകൾ :
തൊണ്ണൂറുകളുടെ പകുതി, ഞാനന്ന് കുന്നംകുളം കെആർഎസ് പാർസൽ സർവീസിൽ മൂന്നക്ക ശമ്പളം വാങ്ങിക്കുന്ന ക്ലർക്ക്. ഭാവന, ബൈജു, താവൂസ്…ഓഫിസ് വിട്ട് ഇറങ്ങുമ്പോൾ ബാബു കാത്ത് നിൽക്കുന്നുണ്ടാകും, ഇന്ന് എങ്ങോട്ട് എന്ന ചോദ്യവുമായി. എത്ര ബോറാണെന്ന് പറഞ്ഞാലും, ബോക്സ്ഓഫിസിൽ എട്ടു നിലയിൽ പൊട്ടി എന്ന് കേട്ടാലും, എന്താണ് ആ സിനിമയുടെ കുഴപ്പം അത് കണ്ടു പിടിക്കണമല്ലോ എന്ന കാര്യത്തിൽ ഞങ്ങൾ രണ്ടുപേർക്കും ഒരേ അഭിപ്രായം ആയിരുന്നു.
കേച്ചേരി കംമ്പര, ഗുരുവായൂർ നാടകവീട്, ഡിവൈഎഫ്ഐയ്ക്ക് വേണ്ടിയുള്ള തെരുവ് നാടകങ്ങൾ, ചെറുതല്ലാത്ത എന്റെ ഒരു നാടക ജീവിത്തിന് ഏകദേശം തിരശീല വീണ് കഴിഞ്ഞിരുന്നു. കൂടെ അഭിനയിച്ചിരുന്ന ഒട്ടുമിക്ക അഭിനേതാകളും, പ്രാരാബ്ധങ്ങളുടെ മാറാപ്പെടുത്ത് വിദേശങ്ങളിലേക്ക് പലായനം ചെയ്തു കഴിഞ്ഞിരുന്നു. അന്ന് ഒരു ശരാശരി കേച്ചേരിക്കാരൻ സ്വപ്നം കാണുന്ന ഏറ്റവും വലിയ ജോലി ഗൾഫുകാരൻ ആവുക എന്നതാണ്…അസീമും, സുലൈമാനും ഷണ്മുഖനും,സൈഫുവും കലാ ജീവിതത്തിന് കർട്ടനിട്ട് മണലാരണ്യത്തിലേക്ക്… (അസീം ജമാൽ ഇപ്പോൾ സിനിമയിൽ സജീവം ).
കംമ്പരക്ക് വേണ്ടി അവസാനം കളിച്ച നാടകം “ദ്വീപ് “ആയിരുന്നു. പ്രബലൻ വേലൂർ ചെയ്ത നാടകത്തിൽ പ്രേമനും ഞാനും മാത്രമായിരുന്നു അഭിനേതാക്കൾ.എല്ലാ കാലത്തുമെന്നപോലെ മുഖ്യ സംഘാടകനായും, എന്തിനും ഏതിനും ഓടി നടക്കാനും ജയേട്ടൻ കൂടെത്തന്നെ ഉണ്ടായിരുന്നു. ഹാഫ്ഡേ ലീവ് എടുത്തും ജോലി കഴിഞ്ഞുള്ള സമയത്തു മായിരുന്നു ഹേഴ്സൽ ക്യാമ്പ്. ദ്വീപിന്റെ അവതണം മികച്ച രീതിയിൽ തന്നെ നടന്നു, നല്ല അഭിപ്രായവും കിട്ടി.