തൃശൂര്‍: തൃശൂരിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക് എപ്പോഴും സ്വാഗതമെന്ന് കലാമണ്ഡലം ഗോപി.
തന്നെ കാണാനോ തന്റെ വീട്ടിലേക്ക് വരാനോ സുരേഷ് ഗോപിക്ക് ആരുടെയും അനുവാദം നോക്കേണ്ടതില്ലെന്നും ഫെയ്സ് ബുക്കിലൂടെ അദ്ദേഹം അറിയിച്ചു.
സുരേഷ് ഗോപിയും കലാമണ്ഡലം ഗോപിയെന്ന താനും വളരെക്കാലമായി സ്‌നേഹബന്ധം പുലര്‍ത്തി പോരുന്നവരാണ്.
സുരേഷ് ഗോപിക്ക് തന്നെ കാണാനോ തന്റെ വീട്ടിലേക്ക് വരാനോ ആരുടെയും അനുവാദം നോക്കേണ്ടതില്ല. എന്നും എപ്പോഴും സ്വാഗതം.
തന്നെ സ്‌നേഹിക്കുന്നവര്‍ക്ക് തന്നെ കാണാന്‍ എപ്പോഴും വരാമെന്നുമാണ് ഗോപിയാശാന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ഇതോടെ ആ ഗോപിയല്ല ഈ ഗോപിയെന്ന വിവാദത്തിനു അപ്രതീക്ഷിത വഴിത്തിരിവായി.
സുരേഷ് ഗോപിയെ അനുഗ്രഹിക്കണമെന്നാവശ്യപ്പെട്ട് പ്രശസ്തനായ ഒരു ഡോക്ടര്‍ ബന്ധപ്പെട്ടുവെന്നും
നിരസിച്ചപ്പോള്‍ പദ്മഭൂഷണ്‍ വാഗ്ദാനം ചെയ്തുവെന്നും കലാമണ്ഡലം ഗോപിയുടെ മകന്‍ ഫെയ്‌സ്ബുക്കില്‍
പോസ്റ്റിട്ടാതാണ് വിവാദത്തിലേക്ക് നയിച്ചത്.
സുരേഷ് ഗോപിക്കെതിരേ കിട്ടിയ അവസരം മുതലാക്കി പരിഹാസ ട്രോളുകളും വിമര്‍ശനങ്ങളുമായി ഇടതു പ്രൊഫൈലുകളും നിറഞ്ഞു.
ഇടതു നേതാക്കളും പ്രവര്‍ത്തകരും സ്വതന്ത്രരെന്നു പറയുന്നവരും പ്രതിഷേധവുമായി രംഗത്തുവന്നതോടെ സുരേഷ് ഗോപിയും നയം വ്യക്തമാക്കി.
കലാമണ്ഡലം ഗോപി ഗുരുതുല്യനാണെന്നും അദ്ദേഹത്തെ ഇനിയും കാണാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിനു എതിര്‍പ്പില്ലെങ്കില്‍, കുത്തിത്തിരിപ്പുകള്‍ ഉണ്ടാകുന്നില്ലെങ്കില്‍ കാണാന്‍ പോകുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.