‘തട്ടിക്കൊണ്ടുപോയവര്‍ മര്‍ദിച്ചു, അറിയുന്ന ആളും കൂട്ടത്തിലുണ്ടായിരുന്നു

കോഴിക്കോട്: തട്ടിക്കൊണ്ടുപോയവര്‍ തന്നെ മര്‍ദിച്ചെന്നും അക്രമികളുടെ കൂട്ടത്തില്‍ അറിയുന്ന ഒരാളുണ്ടായിരുന്നെന്നും താമരശ്ശേരിയില്‍ തട്ടിക്കൊണ്ടുപോയ പ്രവാസി വ്യാപാരി അഷ്റഫ്.

ഒരു അജ്ഞാത കേന്ദ്രത്തിലായിരുന്നു താമസിപ്പിച്ചത്. സാമ്ബത്തിക ഇടപാടുകളെ കുറിച്ചായിരുന്നു അവര്‍ സംസാരിച്ചത്. എന്നാല്‍ തനിക്ക് അത്തരം യാതൊരു ഇടപാടും ഉണ്ടായിരുന്നില്ല. മൂന്നാം ദിവസം റോഡരികില്‍ ഇറക്കിവിടുകയായിരുന്നെന്നും അഷ്റഫ് പറയുന്നു.

സുമോയിലും സ്വിഫ്റ്റ് കാറിലും എത്തിയവരാണ് തന്‍റെ സ്കൂട്ടര്‍ തടഞ്ഞുനിര്‍ത്തി തട്ടിക്കൊണ്ടുപോയത്. അതില്‍ കണ്ടാല്‍ അറിയുന്ന ഒരാളുണ്ടായിരുന്നു. വണ്ടിയില്‍ കയറെടാ എന്ന് പറഞ്ഞ് ബലമായി പിടിച്ചുകയറ്റുകയായിരുന്നു. നല്ല വേഗതയിലാണ് വണ്ടി പോയത്. സാമ്ബത്തിക ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അവര്‍ പറഞ്ഞത്. ആദ്യത്തെ വണ്ടിയില്‍ കുറച്ച്‌ ദൂരം പോയ ശേഷം തന്നെ വേറെ വണ്ടിയിലേക്ക് മാറ്റി.

കണ്ണ് കെട്ടിയിരുന്നു. പുറത്തേക്ക് നോക്കാന്‍ സമ്മതിച്ചിരുന്നില്ല. മൂന്ന് മണിക്കൂറോളം യാത്ര ചെയ്ത ശേഷം ഒരു വീട്ടിലേക്ക് കൊണ്ടുപോയി. ഹെല്‍മറ്റ് ധരിപ്പിച്ച്‌ കണ്ണുകെട്ടിയാണ് കൊണ്ടുപോയത്. അവിടുന്ന് മര്‍ദിച്ചു. ഇന്നലെ വരെ ആ മുറിയിലായിരുന്നു. ഇതിന് ശേഷം ഹെല്‍മറ്റ് ഇട്ട് കണ്ണുകെട്ടി വണ്ടിയില്‍ കയറ്റി വേറൊരു സ്ഥലത്തേക്ക് കൊണ്ടുപോയി. പിന്നീട് വണ്ടിക്കൂലി തന്ന് റോഡില്‍ ഇറക്കിവിട്ടു. ഫോണും പേഴ്സും എ.ടി.എം കാര്‍ഡുമെല്ലാം നഷ്ടമായിരുന്നു. ഇവിടെനിന്ന് ഒരു ഓട്ടോ കിട്ടി മെയിന്‍ റോഡിലെത്തി. ആറ്റിങ്ങല്‍ വെച്ചാണ് ബസ് കേറിയത്. താമരശ്ശേരി ബസ് കണ്ടപ്പോള്‍ ഉടന്‍ കേറിപ്പോരുകയായിരുന്നു. എനിക്ക് വേറെ സാമ്ബത്തിക ഇടപാടുകളൊന്നുമില്ല. പക്ഷേ, ചില സാമ്ബത്തിക ഇടപാടുകളെ കുറിച്ചാണ് തട്ടിക്കൊണ്ടുപോയവര്‍ സംസാരിച്ചത്. കഴുത്തിലും കൈയിലുമൊക്കെ മര്‍ദനത്തിന്‍റെ പാടുകളുണ്ട് -അഷ്റഫ് പറയുന്നു.

ശനിയാഴ്ച രാത്രിയാണ് താമരശ്ശേരി ആവേലം സ്വദേശിയായ അഷ്‌റഫിനെ കാറുകളിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുന്നതിനിടെയാണ് അഷ്‌റഫ് ചൊവ്വാഴ്ച രാത്രി തിരികെ എത്തിയത്.

അഷ്‌റഫിന്റെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും. കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസ് പ്രതി അലി ഉബൈറാനുമായി ബന്ധുവിനുള്ള സാമ്ബത്തിക ഇടപാടിന്റെ പേരിലാണ് അഷ്‌റഫിനെ സംഘം തട്ടിക്കൊണ്ടുപോയതെന്നാണ് കരുതുന്നത്.

തട്ടിക്കൊണ്ടു പോകാനുപയോഗിച്ച രണ്ട് വാഹനങ്ങള്‍ കണ്ടെത്തിയ പൊലീസ് സുമോ വാഹനം ഓടിച്ചിരുന്ന രണ്ടത്താണി സ്വദേശി മുഹമ്മദ് ജവഹറിനെ ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്വര്‍ണ്ണ കവര്‍ച്ച കേസ് പ്രതി അലി ഉബൈറാന്റെ സഹോദരങ്ങളായ ഹബീബു റഹ്മാന്‍, മുഹമ്മദ് നാസ് എന്നിവരെയും പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

Related posts

Leave a Comment