ആന്റി ബയോട്ടിക്കിനു പോലും പിടിച്ചുനിര്‍ത്താനാവാത്ത രോഗങ്ങള്‍ മൂലം പ്രതിവര്‍ഷം ലോകത്ത് 7 ലക്ഷം പേര്‍ മരണമടയുന്നതായാണു കണക്ക്. മരുന്നിനെതിരെ പ്രതിരോധം ആര്‍ജിച്ച രോഗാണുക്കളുടെ സാന്നിധ്യത്തിലേക്കാണ് ഇതു വിരല്‍ചൂണ്ടുന്നത്.
നടപടി സ്വീകരിച്ചില്ലെങ്കില്‍ 2050 ആകുമ്ബോഴേക്കും ഇത്തരം മരണങ്ങളുടെ എണ്ണം ഒരുകോടിയോളമാകാന്‍ സാധ്യതയുണ്ടെന്നു കണക്കാക്കുന്നു;ഒരു ദിവസം 27,400 മരണം. മരണങ്ങളില്‍ 90 ശതമാനവും ഏഷ്യന്‍-ആഫ്രിക്കന്‍ രാജ്യങ്ങളിലായിരിക്കുമെന്ന മുന്നറിയിപ്പുമുണ്ട്.
ആന്റി ബയോട്ടിക്ക് കഴിച്ചാല്‍ പോലും നശിക്കാത്ത പുതിയ തരം രോഗാണുക്കള്‍ ഏറെ നാളായി നമുക്കിടയില്‍ നിശ്ശബ്ദം തലതാഴ്ത്തി കിടപ്പുണ്ട്. അജയ്യ (സൂപ്പര്‍ബഗ്) രോഗാണുക്കള്‍ ലോകമെങ്ങും വ്യാപിച്ചിട്ടുണ്ട്. കൊറോണ പോലെ ഒരു മഹാമാരിക്കിടയില്‍ ഇങ്ങനെയൊരു ഓര്‍മപ്പെടുത്തലിന് പ്രസക്തി ഏറെ.രോഗം പരത്തുന്ന സൂക്ഷ്മജീവികള്‍ പലതാണ്.
ബാക്ടീരിയ, വൈറസ്, ഫംഗസ്, പരാദങ്ങള്‍ തുടങ്ങിയവ ജീവകോശങ്ങളെ ആക്രമിക്കുമ്ബോഴാണ് മനുഷ്യരിലും മൃഗങ്ങളിലും സസ്യങ്ങളിലും രോഗങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നത്. ഇവയെ പുറത്താക്കാന്‍ ഉപയോഗിക്കുന്ന ആയുധമാണ് ആന്റി ബയോട്ടിക് എന്നറിയപ്പെടുന്ന ആന്റി മൈക്രോബിയല്‍ മരുന്നുകള്‍.
കാലക്രമത്തില്‍ ഈ മരുന്നുകളെ ചെറുക്കാനുള്ള കഴിവ് രോഗാണുക്കള്‍ ആര്‍ജിക്കുന്ന അവസ്ഥയാണ് ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് (എഎംആര്‍). സ്ഥിതി സങ്കീര്‍ണമായി വരുന്നു എന്ന സൂചനയാണു ലോകാരോഗ്യ സംഘടന നല്‍കുന്നത്.
ഇതിന്റെ ഗൗരവത്തെപ്പറ്റി ലോകത്തെ ബോധ്യപ്പെടുത്താന്‍ ഈ മാസം 24 വരെ ആന്റി മൈക്രോബിയല്‍ വാരമായി ഡബ്ല്യുഎച്ച്‌ഒ ആചരിച്ചു.