ഡ്യൂട്ടിക്കിടെ കോവിഡ് സ്ഥിരീകരിച്ച നഴ്സിനെ ആശുപത്രിയില്‍ നിന്നും ഇറക്കിവിട്ടതായി ആരോപണം

ഹരിപ്പാട്: ഡ്യൂട്ടിക്കിടെ കോവിഡ് സ്ഥിരീകരിച്ച നഴ്സിനെ ആശുപത്രിയില്‍ നിന്നും ഇറക്കിവിട്ടതായി ആരോപണം. ഹരിപ്പാടുള്ള ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്സിംഗ് ട്രെയിനി ആയ യുവതിയാണ് സോഷ്യല്‍ മീഡിയയിലൂടെ ആശുപത്രിക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

മൂന്നുമാസമായി ഇവിടെ ട്രെയിനി ആയി ജോലി ചെയ്യുന്ന കരുവാറ്റ സ്വദേശിയായ യുവതിക്ക് നൈറ്റ് ഡ്യൂട്ടിക്കിടെയാണ് രോഗലക്ഷണങ്ങള്‍ ഉണ്ടായത്. ഇതിനെ തുടര്‍ന്ന പരിശോധനയ്ക്കായി സ്രവം നല്‍കിയ ശേഷം ഡ്യൂട്ടി തുടര്‍ന്നു. പുലര്‍ച്ചയോടെ ഫലം വന്നപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ തന്നെ ആശുപത്രി അധികൃതര്‍ ഇറക്കിവിട്ടെന്നാണ് പരാതി.
ഒരുമണിക്കൂറിലധികം റോഡരികില്‍ നിന്ന നഴ്സിനെ വീട്ടുകാര്‍ എത്തിയാണ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററിലേക്ക് മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജോലിക്കിടെ രോഗം സ്ഥിരീകരിച്ചിട്ടും അവിടെത്തന്നെ ചികിത്സിക്കുകയോ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റുകയോ ചെയ്യാതെ ഇറക്കിവിട്ടു എന്നാണ് ആരോപണം. സംഭവത്തില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കുമെന്നാണ് നഴ്സിന്‍റെ ബന്ധുക്കള്‍ പറയുന്നത്.

എന്നാല്‍ മറ്റുള്ളവര്‍ക്ക് രോഗം പകരാതിരിക്കാന്‍ സഹപ്രവര്‍ത്തകര്‍ യുവതിയെ പുറത്തിറക്കി നിര്‍ത്തിയതാകാമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. പുറത്തിറക്കി നിര്‍ത്തുന്ന വിവരം അറിഞ്ഞിരുന്നില്ലെന്നും പരിശോധിച്ചു നടപടി എടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയിരിക്കുകയാണ്. രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയര്‍ന്ന നില്‍ക്കുന്ന നാല് ജില്ലകളില്‍ കഴിഞ്ഞ ദിവസം അര്‍ദ്ധ രാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവില്‍ വന്നിട്ടുണ്ട്. നിലവിലുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് പുറമെയാണ് ട്രിപ്പിള്‍ ലോക്ക്ഡൗണിന്‍റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങളും നടപ്പിലാക്കുന്നത്. നിയമലംഘകര്‍ക്കെതിരെ ശക്തമായ നടപടികള്‍ തന്നെ സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം കേരളത്തില്‍ 29,704 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 1,15,982 സാമ്ബിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.61 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,79,28,337 സാമ്ബിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 89 മരണങ്ങള്‍ ഉള്‍പ്പെടെ ഇതുവരെ 6428 കോവിഡ് മരണങ്ങളും സംസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടുണ്ട്.

Related posts

Leave a Comment