തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂർ മെഡിക്കൽ കോളജിലെ ഓർത്തോ വിഭാഗം ഡോ.ഷെറിൻ ഐസക് കഴിഞ്ഞ ദിവസമാണ് വിജിലൻസിന്റെ പിടിയിലാത്. അപകടത്തിൽ പരിക്കേറ്റ യുവതിയുടെ ശസ്ത്രക്രിയയ്ക്കാണ് 3000 കരൂപ കൈക്കൂലിയായി ഡോക്ടർ ആവശ്യപ്പെട്ടത്.
പാലക്കാട് സ്വദേശിയുടെ പരാതിയിലായിരുന്നു വിജിലൻസ് അന്വേഷണം നടത്തിയത്. കൈക്കൂലി പണം ഡോക്ടർ സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന ഓട്ടുപാറയിലുള്ള ക്ലിനിക്കിൽ വൈകുന്നേരം എത്തിക്കാനായിരുന്നു ആവശ്യപ്പെട്ടത്.
കൈക്കൂലി കൊടുക്കാത്തതിനാൽ പരാതിക്കാരന്റെ ഭാര്യയുടെ ഓപ്പറേഷൻ പല തവണ മാറ്റി വെക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്താലാണ് പരാതിക്കാരൻ വിജിലൻസ് ഡിവൈഎസ്പി ജിം പോൾ സിജിയെ വിവരം അറിയിക്കുന്നത്.
വിജിലൻസ് ഫിനോൾഫ്തലിൻ പുരട്ടി നൽകിയ നോട്ട് പരാതിക്കാരനിൽ നിന്ന് ഡോക്ടർ ഷെറി ഐസക് സ്വീകരിക്കുന്ന സമയം സമീപത്തു മറഞ്ഞിരുന്ന വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയായിരുന്നു.ഡോക്ടറുടെ വീട്ടിലും വിജിലൻസ് പരിശോധന നടത്തുകയുണ്ടായി.
വീട്ടിൽ ഒളിപ്പിച്ച നിലയിൽ 15 ലക്ഷത്തിലേറെ രൂപയാണ് കണ്ടെത്തിയത്. 2000, 500, 200,100 രൂപയുടെ കെട്ടുകളാണ് റെയ്ഡിൽ കണ്ടെത്തിയത്. അതേസമയം ഡോക്ടർക്കെതിരെ കൂടുതൽ ആരോപണങ്ങൾ ഇപ്പോൾ ഉയർന്നുവരുന്നുണ്ട്.
നേരത്തെയും ഡോ. ഷെറി ഐസക്കിനെതിരെ പരാതി ഉയര്‍ന്നിരുന്നുവെന്നും എന്നാൽ പരാതി അന്വേഷിച്ചിട്ടും ഡിഎംഇ നടപടി എടുത്തില്ലെന്നുമാണ് ആരോപണം.
മാർച്ച് 9 നാണ് ഡോക്ടർ 3500 രൂപ കൈക്കൂലി വാങ്ങിയെന്ന് ചാലക്കുടി സ്വദേശി വെളിപ്പെടുത്തിയിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു മാസത്തിനുള്ളിൽതന്നെ ആരോഗ്യ വകുപ്പ് അന്വേഷണം പൂർത്തിയാക്കുകയും ചെയ്തിരുന്നു.
പരാതിയിൽ കഴമ്പുണ്ടെന്ന റിപ്പോർട്ടാണ് മെഡിക്കൽ കോളേജ് നൽകിയിരുന്നത്. എന്നിട്ടും ഡോക്ടർക്കെതിരെ നടപടി ഉണ്ടായില്ലെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം.