ഡോ. വന്ദനാ ദാസിന്റെ സംസ്‌കാരം ഇന്ന്; കണ്ണീരുണങ്ങാതെ കുടുംബം, പ്രതിഷേധം തുടരാൻ ഡോക്ടർമാർ

കോട്ടയം: ഡ്യൂട്ടിക്കിടെ കുത്തേറ്റ് മരിച്ച ഡോ. വന്ദനാ ദാസിന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ട് മണിയോടെ കടുത്തുരുത്തിയിലെ വീട്ടുവളപ്പിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം വന്ദനയുടെ മൃതദേഹം കടുത്തുരുത്തി മുട്ടുചിറയിലെ വീട്ടില്‍ എത്തിച്ചത്.

വനന്ദനയുടെ മാതാപിതാക്കളെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ വിതുമ്പുകയാണ് നാട്ടുകാരും ബന്ധുക്കളും. നൂറുകണക്കിനാളുകളാണ് രാത്രിയിലും തങ്ങളുടെ പ്രിയപ്പെട്ട ഡോക്ടറെ അവസാനമായി ഒരുനോക്ക് കാണാന്‍ ഒഴുകിയെത്തിയത്.

വീട്ടില്‍ രാവിലെയും പൊതുദര്‍ശനത്തിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം വനന്ദനയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പഠനം പൂര്‍ത്തിയാക്കിയ കൊല്ലം അസീസിയ മെഡിക്കല്‍ കോളേജിലും പൊതുദര്‍ശനത്തിന് വെച്ചിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുടങ്ങിയ പ്രമുഖരടക്കം ആയിരക്കണക്കിന് ആളുകളാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയത്.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വെച്ചാണ് പോലീസ് പരിശോധനയ്‌ക്കെത്തിച്ച പ്രതിയുടെ കുത്തേറ്റ് യുവഡോക്ടര്‍ക്ക് ജീവന്‍ നഷ്ടമായത്. 23കാരിയായ ഹൗസ് സര്‍ജന്റെ ശരീരത്തില്‍ 11 കുത്തുകളേറ്റെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.

പ്രതി സന്ദീപിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. അധ്യാപകനാണ് പ്രതി.അതേസമയം ഡ്യൂട്ടിക്കിടെ യുവ ഡോക്ടര്‍ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ ഡോക്ടര്‍മാരുടെ സംസ്ഥാന വ്യാപക പണിമുടക്ക് ഇന്നും തുടരും.

ഐഎംഎ, കെജിഎംഒഎ തുടങ്ങിയ സംഘടനകളെ മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. രാവിലെ പത്തരയ്ക്കാണ് ചര്‍ച്ച നടക്കുക. വിഐപി ഡ്യൂട്ടിയടക്കം ബഹിഷ്‌കരിക്കുമെന്ന് കെജിഎംഒഎ പ്രസ്താവനയില്‍ അറിയിച്ചിരുന്നു.

Related posts

Leave a Comment