മലപ്പുറം: ഡോളര്‍ കടത്ത് കേസില്‍ കൂടതല്‍ തെളിവുകളുമായി കസ്റ്റംസ്. കേസില്‍ പൊന്നാനിയിലെ സിപിഐഎം നേതാവിന്റെ ബന്ധുവിനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. വ്യവസായിയും സിപിഐഎം പൊന്നാനി ഏരിയാ കമ്മറ്റിയംഗത്തിന്റെ ബന്ധുവുമായ പൊന്നാനി ചന്തപ്പടി സ്വദേശി അബ്ദുള്‍ നാസറിനെയാണ് കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യുക. അബ്ദുള്‍ നാസറിന്റെ പേരില്‍ സിംകാര്‍ഡ് എടുത്ത് ആ നമ്ബര്‍ ഡോളര്‍ കടത്ത് കേസിന് ഉപയോഗിച്ചെന്ന കണ്ടെത്തലാണ് ചോദ്യം ചെയ്യാനുള്ള കാരണം. ബുധനാഴ്ച വെളിയങ്കോട് സ്വദേശി ലഫീര്‍ മുഹമ്മദിന്റെ വീട്ടില്‍ ഇഡി ഉദ്യോഗസ്ഥരെത്തിയെങ്കിലും ആളില്ലാത്തതിനാല്‍ മടങ്ങി.
എന്നാല്‍ ഡോളര്‍കടത്ത് കേസില്‍ സ്വര്‍ണകടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെയും സരിത്തിനെയും മാപ്പ് സാക്ഷിയാക്കിയിരുന്നു. ഇരുവരും ടൂള്‍ മാത്രമായിരുന്നുവെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് പ്രതി ചേര്‍ത്തിരുന്നു. വിദേശത്തേക്ക് വലിയ അളവില്‍ ഡോളര്‍കടത്തിയെന്നാണ് കണ്ടെത്തല്‍. ഇതില്‍ കൂടുതലും രാഷ്ട്രീയക്കാരുടെ പണമാണെന്നും റിവേഴ്സ് ഹവാലയാണ് നടത്തിയിരിക്കുന്നതെന്നുമാണ് സൂചന. നൂറുകോടിയിലേറെ രൂപ വിദേശത്തേക്ക് കടത്തിയതായി കസ്റ്റംസ് കണ്ടെത്തല്‍. കടത്തിയതിലേറെയും കൈക്കൂലി പണമാണ്.