ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെടും, നേരിട്ട് കാണാൻ വിളിച്ച് പണം തട്ടും, യുവതി ഉൾപ്പടെ 3 പേർ അറസ്റ്റിൽ

കോലഞ്ചേരി: ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ ഹണിട്രാപ്പില്‍പ്പെടുത്തി പണം തട്ടിയ കേസില്‍ യുവതി ഉള്‍പ്പടെ മൂന്ന് പേര്‍ അറസ്റ്റില്‍.

രാമമംഗലം കിഴുമുറി കോളനിയില്‍ തെക്കപറമ്പില്‍ താമസിക്കുന്ന തൃശ്ശൂര്‍ പെരിഞ്ഞനം തേരുപറമ്പില്‍ പ്രിന്‍സ് (23), കൂട്ടാളിയായ അശ്വതി (25), ഇതേയിടത്ത് താമസിക്കുന്ന കൊട്ടാരക്കര നെടുവത്തൂര്‍ മൂഴിക്കോട് ആര്യഭവനില്‍ അനൂപ് (23) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മൂന്ന് പേരും വര്‍ഷങ്ങളോളമായി ബംഗളൂരുവിലും ഗോവയിലുമായിരുന്നു താമസം. പിന്നീട് രാമമംഗലത്ത് താമസം മാറുകയായിരുന്നു. സോഷ്യല്‍ മീഡിയയിലും ഡേറ്റിംഗ് ആപ്പുകളിലും സ്ത്രീകളുടെ പേരില്‍ അക്കൗണ്ട് തുടങ്ങിയാണ് തട്ടിപ്പിന് തുടക്കമിട്ടത്.

പുരുഷന്മാരുമായി ചാറ്റ് ചെയ്ത് നഗ്നചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം നേരില്‍ കാണണമെന്ന് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് ഇവരുടെ രീതി.

കഴിഞ്ഞ ദിവസം എറണാകുളത്ത് നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്നതോടെയാണ് പൊലീസിന് പരാതി ലഭിച്ചത്. ഒരാഴ്ച മുമ്പാണ് യുവാവ് അനു എന്ന സ്ത്രീയുമായി സൗഹൃദം ആരംഭിച്ചത്.

കോലഞ്ചേരി സ്വദേശിയാണെന്ന് പരിചയപ്പെടുത്തിയ അനു ബംഗാളൂരുവില്‍ പഠിക്കുകയാണെന്നും ഇപ്പോള്‍ നാട്ടിലാണെന്നും വന്നാല്‍ കാണാമെന്നും പറഞ്ഞ് മെസേജ് അയക്കുകയായിരുന്നു.

ഇതോടെ ചെറുപ്പക്കാരന്‍ കോലഞ്ചേരി ബസ് സ്റ്റാന്‍ഡിലെത്തി. ഈ സമയത്ത് കാറിലെത്തിയ അനൂപും പ്രിന്‍സും യുവാവിനോട് നിങ്ങളൊരു പെണ്‍കുട്ടിക്ക് മെസേജ് അയച്ചിരുന്നോ എന്നും ഞങ്ങള്‍ സഹോദരന്മാരാണെന്നും പറഞ്ഞു.

പിന്നാലെ പരാതിയുണ്ടെന്ന് പറഞ്ഞ് യുവാവിനെ ബലമായി കാറില്‍ പിടിച്ചുകയറ്റി. സഹോദരിക്ക് മെസേജ് അയച്ചതിന് പൊലീസില്‍ പരാതി കൊടുക്കുമെന്നും മര്‍ദ്ദിച്ച് ഭീഷണിപ്പെടുത്തി പണം കവരുകയായിരുന്നു. യുവാവിന്റെ പേഴ്‌സിലെ പണവും അക്കൗണ്ടിലെ 23,000 രൂപയും ഇവര്‍ തട്ടിയെടുത്ത് യുവാവിനെ റോഡില്‍ ഉപേക്ഷിച്ചു.

പേടിച്ച യുവാവ് സംഭവം സുഹൃത്തുക്കളോട് പറഞ്ഞു. ഇതോടെയാണ് പൊലീസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലാവുന്നത്.

 

Related posts

Leave a Comment