റീട്ടെയില്‍ ഉപഭോക്താക്കള്‍ക്കായി പരീക്ഷണം എന്ന നിലയില്‍ ഡിജിറ്റല്‍ രൂപ ഡിസംബര്‍ 1 ന് പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുകയാണ്.
സാമ്പത്തിക രംഗത്തെ കുതിച്ചുചാട്ടത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സിആര്‍ഡിസി) എന്ന ഇ-രൂപ ഡിജിറ്റല്‍ ടോക്കണ്‍ രൂപത്തിലാകും ഉപഭോക്തക്കള്‍ക്ക് ലഭിക്കുക.
ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുത്ത സ്ഥലങ്ങളിലാകും ഇ-രൂപ ലഭിക്കുകയെന്നും ആര്‍ബിഐ അറിയിച്ചിട്ടുണ്ട്. എസ്ബിഐ അടക്കം നാല് ബാങ്കുകളാണ് ഡിജിറ്റല്‍ രൂപ ലഭ്യമാക്കുകയെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി.
രാജ്യത്തെ സമ്പദ് വ്യവസ്ഥയില്‍ തന്നെ ഏറെ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ പോകുന്ന ഈ സുപ്രധാന പ്രഖ്യാപനത്തിന് പിന്നാലെ നിരവധി സംശയങ്ങളാകാം ജനങ്ങള്‍ക്കുള്ളത്. അവയ്‌ക്കുള്ള പരിഹാരമിതാ.
എന്താണ് ഡിജിറ്റല്‍ രൂപ
ഇന്ത്യന്‍ രൂപയുടെ ഇലക്‌ട്രേണിക് പതിപ്പിനെയാണ് ഡിജിറ്റല്‍ രൂപയെന്നും സിആര്‍ഡിസിയെന്നും ഇ-രൂപയെന്നും വിളിക്കുന്നത്. ഡിജിറ്റല്‍ ടോക്കണ്‍ രൂപത്തിലാകും ആര്‍ബിഐ ഇത് ലഭ്യമാക്കുക.
നിലവില്‍ പേപ്പര്‍ കറന്‍സികളും നാണയങ്ങളും വിതരണം ചെയ്യുന്ന അതേ മൂല്യത്തില്‍ തന്നെയാകും ഡിജിറ്റല്‍ രൂപയും പുറത്തിറങ്ങുക.
എവിടെ ഡിജിറ്റല്‍ രൂപ ലഭ്യമാകും
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് എന്നീ നാല് ബാങ്കുകളാകും ആദ്യഘട്ടത്തില്‍ ഡിജിറ്റല്‍ രൂപ ലഭ്യമാക്കുന്നത്.
ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, കോറ്റക് മഹീന്ദ്ര ബാങ്കും വൈകാതെ ഇതിന്റെ ഭാഗമാകും.
മുംബൈ,ന്യൂഡല്‍ഹി, ബംഗളൂരു, ഭുവനേശ്വര്‍ എന്നീ നഗരങ്ങളിലാകും ആദ്യഘട്ടത്തില്‍ ഡിജിറ്റല്‍ രൂപ ലഭിക്കുക. രണ്ടാം ഘട്ടത്തില്‍ അഹമ്മദാബാദ്, ഗുവാഹട്ടി, ഹൈദരാബാദ്, കൊച്ചി, ലക്‌നൗ, ഗാംഗ്‌ടോക്ക്,പാട്‌ന, ഷിംല എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കും.
ഘട്ടം ഘട്ടമായി വിവിധ ബാങ്കുകളിലേക്കും നഗരങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
എങ്ങനെ ഡിജിറ്റല്‍ രൂപ ലഭ്യമാകും? പ്രവര്‍ത്തന രീതി എങ്ങനെ
നിലവില്‍ ലഭ്യമാകുന്ന പേപ്പര്‍ കറന്‍സിക്ക് സമാനമായ രീതിയിലാകും ഡിജിറ്റല്‍ രൂപയും ലഭ്യമാകുക. ബാങ്കുകള്‍ വഴിയാകും ലഭിക്കുക. തിരഞ്ഞെടുക്കപ്പെട്ട ബാങ്കുകളില്‍ നിന്ന് ലഭിക്കുന്ന ഡിജിറ്റല്‍ വാലറ്റ് ഉപയോഗിച്ചാകും ഇടപാടുകള്‍ നടത്തുക.
ഡിജിറ്റല്‍ വാലറ്റുകള്‍ മൊബൈല്‍ ഫോണുകളിലും ഉപകരണങ്ങളിലും ആപ്ലിക്കേഷനുകളുടെയും സമാന പ്ലാറ്റ്‌ഫോമുകളുടെയും രൂപത്തില്‍ സൂക്ഷിക്കേണ്ടതുണ്ട്.
വ്യക്തിയില്‍ നിന്ന് വ്യക്തിയിലേക്കും വ്യക്തിയില്‍ നിന്ന് വ്യാപാരിയിലേക്കും ഇടപാടുകള്‍ നടത്താനാകും. ഉപയോക്താക്കള്‍ക്ക് ക്യൂആര്‍ കോഡ് വഴി വ്യാപാരികള്‍ക്ക് പേയ്‌മെന്റുകള്‍ നടത്താം. ഡിജിറ്റല്‍ രൂപയ്‌ക്ക് പലിശ ലഭ്യമാകില്ല.
ഡിജിറ്റല്‍ രൂപ ഉപയോഗിക്കുന്നത് സുരക്ഷിതമാണോ
ഇപ്പോള്‍ പ്രചാരത്തിലുള്ള ഇന്ത്യന്‍ രൂപയ്‌ക്ക് സമാനമായ തരത്തിലാകും ഡിജിറ്റല്‍ രൂപയും. പരീക്ഷണാടിസ്ഥാനത്തിലാണ് ഡിജിറ്റല്‍ രൂപ പുറത്തിറക്കുന്നത്. ഈ ഘട്ടത്തില്‍ നടത്തുന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാകും രണ്ടാം ഘട്ടം വിപുലമാക്കുക.
വളരെ പെട്ടെന്ന് സംഭവിക്കുന്ന കാര്യമാവില്ല ഇതെന്നും സമയമെടുത്താകും വികസിപ്പിക്കുകയെന്നും ആര്‍ബിഐ അറിയിച്ചിട്ടുണ്ട്.
ലോകത്തില്‍ ആദ്യമായാണ് ഇത്തരം ഡിജിറ്റല്‍ രൂപ പുറത്തിറക്കുന്നതെന്നും അതിനാല്‍ വളരെ ജാഗ്രതയോടെയാകും ഓരോ നീക്കവുമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.