തിരുവനന്തപുരം: പൊലീസിന്റെ പേരില്‍ വ്യാജ സമൂഹമാധ്യമ അക്കൗണ്ട് വഴി പണം തട്ടിപ്പ്. ഡിജിപിയും ഐജിമാരും തുടങ്ങി ഡിൈവഎസ്പിമാരുടെ അടക്കം പേരുകളിലാണ് വ്യാജ അക്കൗണ്ട് നിര്‍മിച്ച് തട്ടിപ്പ് നടത്തുന്നത്. രാജസ്ഥാന്‍, ഒഡീഷ കേന്ദ്രമായുള്ള സംഘങ്ങളാണ് തട്ടിപ്പിനു പിന്നില്‍.
പൊലീസ് ഉന്നതരുടെ അക്കൗണ്ടിലൂടെ പണം ആവശ്യപ്പെട്ടാണ് തട്ടിപ്പ്. ഋഷിരാജ് സിങ്ങിന്റെയും പി.വിജയന്‍റെയും ജി.ലക്ഷ്മണയുടെയും പേരില്‍ വരെ അക്കൗണ്ട് ഉണ്ട്. ഐജി പി.വിജയന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പി.വിജയന്‍ ഐപിഎസ് എന്ന പേരിലാണ് വ്യാജ അക്കൗണ്ട്. ഇതേപേരില്‍ അദ്ദേഹത്തിന് വെരിഫൈഡ് പേജുണ്ട്.
തന്റെ പേരില്‍ ആരോ വ്യാജ ഐഡി ഉണ്ടാക്കിയിരിക്കുകയാണെന്നും ആ ഐഡിയില്‍നിന്ന് വരുന്ന ഫ്രണ്ട് റിക്വസ്റ്റുകള്‍ സ്വീകരിക്കരുതെന്നും ഐജി പി.വിജയന്‍ പറഞ്ഞു. താന്‍ പൊതുവേ ആര്‍ക്കും ഫ്രണ്ട് റിക്വസ്റ്റ് അയയ്ക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 1999 ബാച്ച് ഐപിഎസ് ഓഫിസറായ പി.വിജയന്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ സൃഷ്ടാവാണ്.