‘ഡല്‍ഹി ചലോ’ മാര്‍ച്ച്‌; കര്‍ഷകരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച്‌ കേന്ദ്ര മന്ത്രിമാര്‍

ന്യൂഡല്‍ഹി: കര്‍ഷക നിയമത്തിനെതിരായി പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്ന് രാജ്യ തലസ്ഥാനത്തേക്ക് മാര്‍ച്ച്‌ ചെയ്യുന്ന കര്‍ഷകരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച്‌ കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിംഗ് തോമര്‍, രാജ്‌നാഥ് സിങ്. സംഘര്‍ഷാവസ്ഥ സൃഷ്ടിക്കരുതെന്നും കര്‍ഷകര്‍ ശാന്തത പാലിക്കണമെന്നും മന്ത്രിമാര്‍ ആവശ്യപ്പെട്ടു.

പൊലീസിന്റെ ജലപീരങ്കിയും ലാത്തിച്ചാര്‍ജും ബാരിക്കേഡുകളും വകവയ്ക്കാതെ കര്‍ഷകര്‍ ദേശീയ പാതകളില്‍ തമ്ബടിച്ചിരിക്കുകയാണ്. ഡല്‍ഹി-അംബാല ഹൈവേയില്‍ ഡല്‍ഹി അതിര്‍ത്തിയില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയുള്ള പാനിപട്ട് ടോള്‍ പ്ലാസയിയില്‍ ഹരിയാനയില്‍ നിന്നുള്ള കര്‍ഷകരും ഡല്‍ഹി അതിര്‍ത്തിയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ കര്‍ണാലില്‍ പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരും തമ്ബടിച്ചിരുന്നു.
മൂന്നാമത്തെ ചെറിയ സംഘം ഡല്‍ഹി-സിര്‍സ ഹൈവേയില്‍ സഞ്ചരിച്ച്‌, ഡല്‍ഹി അതിര്‍ത്തിയില്‍ നിന്ന് 115 കിലോമീറ്റര്‍ അകലെയുള്ള ഹിസാര്‍ ജില്ലയിലെ ഹാന്‍സിയില്‍ എത്തി. സ്വരാജ് ഇന്ത്യ പ്രസിഡന്റ് യോഗേന്ദ്ര യാദവിനെ ഗുഡ്ഗാവിലെ ബിലാസ്പൂര്‍ ഗ്രാമത്തില്‍ വച്ച്‌ കസ്റ്റഡിയിലെടുത്തു.

വ്യാഴാഴ്ട ഉച്ച കഴിഞ്ഞ്, കൃഷി മന്ത്രി തോമര്‍ പ്രതിഷേധക്കാര്‍ക്ക് അനുരഞ്ജന സന്ദേശം അയച്ചു. “പ്രശ്നങ്ങളെക്കുറിച്ച്‌ സംസാരിക്കാനും അവരുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാനും” സര്‍ക്കാര്‍ തയ്യാറാണെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

“നമ്മുടെ കര്‍ഷക സഹോദരങ്ങളോട് പ്രക്ഷോഭം നടത്തരുതെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു, ചര്‍ച്ചയ്ക്ക് നല്ല ഫലം ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.”

താന്‍ ഒരു കര്‍ഷകന്റെ മകനാണെന്നും കര്‍ഷകരെ ഒറ്റിക്കൊടുക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

“നിങ്ങളുടെ പ്രതിഷേധം അവസാനിപ്പിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു, ചര്‍ച്ചകള്‍ക്ക് ഞാന്‍ അവരെ ക്ഷണിക്കുന്നു,” സിംഗ് പറഞ്ഞു. “ഞാന്‍ പ്രതിരോധ മന്ത്രിയാണ്, പക്ഷേ ഒരു കര്‍ഷകന്റെ മകന്‍ എന്ന നിലയില്‍, ഒരു കര്‍ഷകനെന്ന നിലയില്‍, അവരെ ക്ഷണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവരോട് സംസാരിക്കാന്‍ ഞാന്‍ തയ്യാറാണ്. ഞങ്ങള്‍ക്ക് കര്‍ഷകരെ ഒറ്റിക്കൊടുക്കാന്‍ കഴിയില്ല. ”

വ്യാഴാഴ്ച ആരംഭിച്ച ഡല്‍ഹി ചലോ മാര്‍ച്ചില്‍ നൂറുകണക്കിന് കര്‍ഷകരാണ് ട്രാക്ടറില്‍ തലസ്ഥാനത്തേക്ക് യാത്രചെയ്യുന്നത്. രണ്ടര-മൂന്ന് മാസത്തേക്കുള്ള ഭക്ഷ്യവസ്തുക്കളും തങ്ങള്‍ സഞ്ചരിക്കുന്ന ട്രാക്ടറുകളില്‍ കരുതിയിട്ടുണ്ടെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. ഡല്‍ഹിയിലെത്തിയാല്‍ സമരം എത്രദിവസം നീണ്ടാലും അവിടെ തുടരാനാണ് കര്‍ഷകരുടെ തീരുമാനം.

അയ്യായിരം ലിറ്റര്‍ വെള്ളം കൊള്ളുന്ന ടാങ്ക്, ഗ്യാസ് അടുപ്പ്, ഇന്‍വെര്‍ട്ടര്‍, പച്ചക്കറികള്‍ തുടങ്ങിയവയെല്ലാം ട്രാക്ടറുകളിലുണ്ട്. കിടക്കകള്‍, പായ എന്നിവയുമുണ്ട്. കൂടാതെ, രാത്രിയിലെ തണുപ്പില്‍നിന്ന് രക്ഷപ്പെടാന്‍ ട്രാക്ടറിനെ ആകെ മൂടുന്ന വിധത്തിലുള്ള താര്‍പ്പായയും കരുതിയിട്ടുണ്ട്. ഉടനൊന്നും തിരികെ വീട്ടിലേയ്ക്ക് പോകാന്‍ ഉദ്ദേശിച്ചല്ല തങ്ങള്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്ന് ഇവര്‍ പറയുന്നു.

Related posts

Leave a Comment