ന്യൂഡൽഹി∙ ബിജെപിയും എഎപിയും കൊമ്പുകോർത്ത ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എംസിഡി) തിരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടം. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ലീഡ് നില മാറിമറിയുകയാണ്.
ദേശീയമാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് 250ൽ എഎപി 118 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ബിജെപി 126 സീറ്റുകളിലും കോൺഗ്രസ് അഞ്ച് സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്.
എഎപിക്ക് വൻ വിജയം എന്നായിരുന്നു എക്സിറ്റ് പോൾ പ്രവചനങ്ങള്‍. ഇതിൽ പ്രതീക്ഷയർപ്പിച്ച് വിജയാഘോഷത്തിന് തയാറെടുത്തിരിക്കവെ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നതിൽ ആശങ്കയിലാണ് ആംആദ്മി പാർട്ടി പ്രവർത്തകർ.
250 വാർഡുകളിലേക്കാണ് ഞായറാഴ്ച തിരഞ്ഞെടുപ്പ് നടന്നത്.2017ൽ ബിജെപിക്ക് 181, എഎപി 48, കോൺഗ്രസ് 30 എന്നിങ്ങനെയായിരുന്നു കക്ഷിനില. ഡല്‍ഹി മുനിസിപ്പല്‍ കോർപ്പറേഷൻ ഭേദഗതി ബില്‍ 2022 പ്രകാരം വടക്ക്, തെക്ക്, കിഴക്ക് മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ ഒന്നാക്കി മാറ്റിയിരുന്നു.
ഇതോടെ സീറ്റുകളുടെ എണ്ണം 272ല്‍നിന്ന് 250 ആയി കുറഞ്ഞു. ആകെ 250 വീതം സ്ഥാനാർഥികളെയാണ് ബിജെപിയും എഎപിമത്സരരംഗത്ത് ഇറക്കിയിരിക്കുന്നത്.
കോൺഗ്രസിന് 247 മത്സരാർഥികളുണ്ട്. 382 സ്വതന്ത്രരും മത്സരിക്കുന്നു.മായാവതിയുടെ ബിഎസ്പി 132 വാർഡുകളിൽ മത്സരിച്ചപ്പോൾ എൻസിപി 26ലും ജെഡിയും 22 സീറ്റുകളിലും മത്സരിച്ചു.