ന്യുഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു (കെ.സി.ആര്)വിന്റെ മകള്‍ കെ.കവിതയുടെ മുന്‍ ഓഡിറ്റര്‍ ബുത്ചി ബാബു അറസ്റ്റില്‍.
ചോദ്യം ചെയ്യാനായി ഡല്‍ഹിക്ക് വിളിപ്പിച്ച ഇവരെ സിബിഐ അറസ്റ്റു ചെയ്യുകയായിരുന്നു.
കേസില്‍ ‘സതേണ്‍ ഗ്രൂപ്പ്’ ബന്ധിപ്പിക്കുന്ന കണ്ണിയാണ് ബുത്ചി ബാബുവെന്ന് സിബിഐ പറയുന്നു. അന്വേഷണത്തോട് ബുച്തി സഹകരിക്കുന്നില്ലെന്നും ഒഴിഞ്ഞുമാറുകയാണെന്നും സിബിഐ പറയുന്നു.
ഹൈദരാബാദ് ആസ്ഥാനമായ മൊത്തവ്യാപാര, ചെറുകിട ലൈസന്‍സികള്‍ക്കും അവരുടെ ഗുണഭോക്താക്കളായ ഉടമകള്‍ക്കും നേട്ടമുണ്ടാക്കുന്നതിനായി തെറ്റായി ഇടപെടല്‍ നടത്തിയെന്നും മദ്യനയത്തിന്റെ രൂപീകരണത്തിലും നടപ്പാക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചിരുന്നുവെന്നും സിബിഐ പറയുന്നു.
ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് മദ്യനയം ഡല്‍ഹി സര്‍ക്കാര്‍ ഉപേക്ഷിച്ചിരുന്നു.
നേരത്തെ കെ.സി.ആറിന്റെ മകള്‍ കെ.കവിതയേയും സിബിഐ ചോദ്യം ചെയ്തിരുന്നു.
ഡിസംബര്‍ 12ന് ഹൈദരാബാദിലെ സിബിഐ സംഘമാണ് ഏഴ് മണിക്കൂര്‍ ചോദ്യം ചെയ്തത്.
മദ്യമാഫിയയുടെ ‘ദക്ഷിണ സഖ്യ’ത്തിന്റെ ഭഗമാണ് കവിതയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നു.
ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം കൊണ്ടുവന്ന മദ്യനയം അഴിമതിയാണെന്ന് കാണിച്ച്് ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ സക്സേനയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ‘ദക്ഷിണ ഗ്രൂപ്പിന്റെ’ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് മദ്യനയം തിരുത്തിയതെന്ന് ഇ.ഡിയും സിബിഐയും പറയുന്നു.
കവിത ഉള്‍പ്പെടുന്ന തെലങ്കാനയിലെഭരണപക്ഷവും ആന്ധ്രാപ്രദേശിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് മുഗുന്ദ ശ്രീനീവാസലു റെഡ്ഡിയും അരോബിന്ദോ ഫാര്‍മയുടെ സരത് റെഡ്ഡിയും ഉള്‍പ്പെടുന്ന സംഘമാണ് ഇതിനു പിന്നിലെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍.
മദ്യനയം പിന്‍വലിച്ചുവെങ്കിലും അനധികൃതമായ ഇടപാടുകള്‍ നടന്നുവെന്ന് ഇവര്‍ പറയുന്നു.
കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രതിയാക്കി അടക്കമുള്ളവരെ ചോദ്യം ചെയ്തിരുന്നു.