ന്യുഡല്‍ഹി: ഡല്‍ഹിയിലെ വായു നിലവാരം തുടര്‍ച്ചയായ മൂന്നാം ദിവസവും ഗൗരവമായി തുടരുന്നു. അന്തരീക്ഷ ഗുണനിലവാര സൂചിക ശനിയാഴ്ച പുലര്‍ച്ചെ 504ലെത്തിയതായി ‘സഫര്‍ ഇന്ത്യ’ വ്യക്തമാക്കി.
ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ 571 ആണ് സൂചിക. ദിര്‍പുരില്‍ 542 രേഖപ്പെടുത്തി. അന്തരീക്ഷ മലിനീകരണം രുക്ഷമായതോടെ ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച വരെ അവധി നല്‍കി.
മാസ്‌ക് അടക്കമുള്ള മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ശ്വാസതടസ്സം അനുഭവപ്പെടുന്നവര്‍ പുറത്തിറങ്ങരുതെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.
ശൈത്യകാലം ആരംഭിച്ചതും അയല്‍സംസ്ഥാനങ്ങളിലെ വയലുകളില്‍ കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നതുമാണ് ഡല്‍ഹിയുടെ അന്തരീക്ഷത്തെ അപകടനിലയില്‍ എത്തിക്കുന്നത്.