ന്യൂഡല്‍ഹി: പുതുവത്സര ദിനത്തില്‍ രാജ്യ തലസ്ഥാനത്ത് യുവതിക്കു ദാരുണാന്ത്യം. സ്കൂട്ടറില്‍ കാറിടിച്ചു വീണതിനെത്തുടര്‍ന്ന് നിലത്തുവീണ യുവതിയെ കിലോമീറ്ററുകള്‍ വലിച്ചിഴച്ചായിരുന്നു കാര്‍ യാത്രികരുടെ ക്രൂരത.
സംഭവത്തില്‍ 5 യുവാക്കള്‍ അറസ്റ്റിലായി. കാറിനടിയില്‍ കുടുങ്ങി റോഡിലുരഞ്ഞ് വസ്ത്രങ്ങള്‍ നഷ്ടപ്പെട്ട് നഗ്നമായ നിലയിലായിരുന്നു മൃതദേഹം. പുതുവത്സര ദിനത്തില്‍ പുലര്‍ച്ചെ വീട്ടിലേക്ക് മടങ്ങവേയാണ് ഇരുപത്തിമൂന്നുകാരി ദാരുണമായി കൊല്ലപ്പെട്ടത്.
രാവിലെ നാല് മണിയോടെയാണ് ദില്ലി സുല്‍ത്താന്‍ പുരിയില്‍ യുവതി സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ യുവാക്കളുടെ കാറുമായി കൂട്ടിയിടിക്കുന്നത്. അപകടത്തില്‍ തെറിച്ചുവീണ യുവതിയുടെ വസ്ത്രങ്ങള്‍ കാറിനടിയില്‍ കുടുങ്ങി.
മദ്യലഹരിയിലായിരുന്ന കാറിലെ അഞ്ച് യുവാക്കളും നാല് കിലോമീറ്ററോളം യുവതിയെ വലിച്ചിഴച്ചു. കഞ്ച്ഹവാലിയിലാണ് വസ്ത്രങ്ങളില്ലാതെ ദേഹമാസകലം ഗുരുതര പരിക്കുകളോടെ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം കണ്ട നാട്ടുകാരിലൊരാള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാക്കള്‍ അറസ്റ്റിലായത്. യുവതിയുടെ വസ്ത്രങ്ങള്‍ കാറിനടിയില്‍ കുടുങ്ങിയത് അറിഞ്ഞില്ലെന്നാണ് യുവാക്കളുടെ വാദം.
എന്നാല്‍ അഞ്ച് പേരും നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നെന്നും ഇനിയും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു. യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് പറഞ്ഞ ദില്ലി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ ദില്ലി പൊലീസിനോട് ഹാജരാകാന്‍ നിര്‍ദേശിച്ചു. ദില്ലി അമന്‍ വിഹാര്‍ സ്വദേശിയാണ് യുവതി.