ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കോച്ചിംഗ് സെന്ററിലെ ബേസ്മെന്റില്‍ വെള്ളം കയറി മുങ്ങി മരിച്ച മലയാളി ഉള്‍പ്പടെയുള്ളവരുടെ കുടുംബങ്ങള്‍ക്ക് റാവു ഐഎഎസ് കോച്ചിംഗ് സെന്റർ 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കും.
അടിയന്തരമായി 25 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കുമെന്നും ബാക്കി 25 ലക്ഷം രൂപ ആറ് മാസത്തിനകം നല്‍കുമെന്ന് റാവു സ്റ്റഡി സെന്ററിന്റെ സിഇഒ അഭിഷേക് ഉറപ്പുനല്‍കിയതായി അഭിഭാഷകൻ മോഹിത് സർഫ് അറിയിച്ചു. ജെഎൻയു ഗവേഷക വിദ്യാർത്ഥിയായിരുന്ന എറണാകുളം സ്വദേശി നെവിൻ, തെലങ്കാന സ്വദേശിനിയായ തനിയ സോണി, ഉത്തർപ്രദേശ് സ്വദേശിനി ശ്രേയ യാദവ് എന്നിവരാണ് മരിച്ചത്.
മരണപ്പെട്ട മൂന്ന് വിദ്യാർത്ഥികളുടെ സ്മരാണാർത്ഥം ലൈബ്രറികള്‍ നിർമിക്കാൻ ഡല്‍ഹി മേയർ ഷെല്ലി ഒബ്റോ ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞയാഴ്ചയാണ് ഡല്‍ഹിയിലെ ഓള്‍ ഡ് രാജീന്ദ്രനഗറിലെ റാവു സ്റ്റഡി സർക്കിള്‍ കോച്ചിംഗ് സെന്ററിലെ ബേസ്മെൻ്റില്‍ വെള്ളം നിറഞ്ഞ് മൂന്ന് വിദ്യാർത്ഥികള്‍ മരിച്ചത്. സംഭവത്തില്‍ സിഇഒ അഭിഷേക് ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സമീപത്തെ ഓടയിലേക്ക് കാർ ഇടിച്ചിറക്കിയതോടെയാണ് വെള്ളം ബേസ്മെന്റിലേക്ക് ഇരച്ചെത്തിയത്. കാർ ഡ്രൈവറെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ക്ക് പിന്നീട് കോടതി ജാമ്യം അനുവദിച്ചു.