മട്ടാഞ്ചേരി: സംസ്ഥാനത്ത് 52 ദിവസം നീണ്ട് നില്‍ക്കുന്ന ട്രോളിങ് നിരോധനം ആരംഭിച്ചു. ഞായറാഴ്ച അർധരാത്രി മുതല്‍ ആരംഭിച്ച നിരോധനം ജൂലൈ 31ന് അവസാനിക്കും.
ഞായറാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ കടലില്‍ പോയ മുഴുവൻ ബോട്ടുകളും ഹാർബറില്‍ മടങ്ങിയെത്തി. തിങ്കളാഴ്ചയും നാളെയും ഹാർബറില്‍ മത്സ്യ വില്‍പനക്ക് തടസ്സമില്ല.
ട്രോളിങ് നിരോധനം പരിഗണിച്ച് മത്സ്യതൊഴിലാളികള്‍ക്ക് സൗജന്യ റേഷൻ അനുവദിച്ചിട്ടുണ്ടെങ്കിലും തമിഴ്നാട്,
കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ പോലെ സാമ്ബത്തിക സഹായം എന്ന മത്സ്യതൊഴിലാളികളുടെ
ആവശ്യം അംഗീകരിക്കപ്പെട്ടില്ല.
ട്രോളിങ് നിരോധനം 59 ദിവസമാക്കണമെന്ന പരമ്ബരാഗത മത്സ്യ മേഖലയുടെ ആവശ്യം അംഗീകരിക്കപ്പെട്ടിട്ടില്ല.
അതേസമയം മത്സ്യമേഖല പരിപാലനത്തിലെ ഒരു ഭാഗം മാത്രമാണ് ട്രോളിങ് നിരോധനമെന്നും ഇതോടൊപ്പം
പരമ്ബരാഗത മേഖലയിലും ആവശ്യമായ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും കൊണ്ട് വരണമെന്നും കേരള
മത്സ്യതൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാള്‍സ് ജോർജ് പറഞ്ഞു.
ചെറു മത്സ്യങ്ങള്‍ പിടിക്കുന്നത് കർശനമായി തടയണം. വല, യാനം, കണ്ണി വലുപ്പം എന്നിവയിലും കർശന നിയന്ത്രണങ്ങള്‍ കൊണ്ട് വരണം.
നിരോധന കാലയളവില്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഫൈബർ വള്ളങ്ങളുടെ പ്രവർത്തനം നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരള രജിസ്ട്രേഷനുള്ള വഞ്ചി, വള്ളം എന്നിവയല്ലാത്ത മീൻപിടിത്ത യാനങ്ങള്‍ ട്രോളിങ് നിരോധന
കാലയളവില്‍ ജില്ലയില്‍ കൊണ്ടുവരികയോ ഉപയോഗിക്കുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടി.
അതേസമയം, യന്ത്രവത്കൃത ഇൻബോർഡ് വള്ളങ്ങള്‍ക്ക് മത്സ്യബന്ധനത്തിന് അനുമതിയുണ്ട്.
അങ്ങനെ പോകുന്ന ഒരു ഇൻബോർഡ് വളളത്തിനോടൊപ്പം ഒരു കാരിയർ വള്ളം മാത്രമേ അനുവദിക്കൂ.
കൂടാതെ ക്യാരിയർ വള്ളത്തിന്റെ രജിസ്ട്രേഷൻ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അതാത് ഫിഷറീസ് ഓഫിസുകളില്‍ ഉടമകള്‍ റിപ്പോർട്ട് ചെയ്യണം.
കടലിലുണ്ടാകുന്ന അപകടങ്ങള്‍ നേരിടാൻ രണ്ട് പട്രോളിങ് ബോട്ടുകളും ഒരു മറൈൻ ആബുലൻസും,
വൈപ്പിൻ ഫിഷറീസ് സ്‌റ്റഷനില്‍ 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്‍ട്രോള്‍ റൂമും സജ്ജമാക്കിയിട്ടുണ്ടെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
കടല്‍ രക്ഷാപ്രവർത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് ഒരു ഫൈബർ വഞ്ചി കൂടി വാടകക്ക് എടുത്തിട്ടുണ്ട്.
മുനമ്ബത്തേയും തോപ്പുംപടിയിലേയും മത്സ്യഫെഡ് മണ്ണെണ്ണ ബങ്കുകള്‍ കൂടാതെ രണ്ടു സ്വകാര്യ ബങ്കുകള്‍ കൂടി തുറക്കാൻ അനുമതി നല്‍കി.
ട്രോളിങ് നിരോധനം മൂലം തൊഴില്‍ നഷ്ടപ്പെടുന്ന ബോട്ടുകളിലെ തൊഴിലാളികള്‍, പീലിങ് ഷെഡ് തൊഴിലാളികള്‍ എന്നിവർക്ക് സൗജന്യ റേഷൻ അനുവദിക്കാൻ ജില്ലാ സപ്ലൈ ഓഫിസറെ ചുമതലപ്പെടുത്തി.
തീരത്ത് നിന്ന് 12 നോട്ടിക്കല്‍ മൈലിന് അപ്പുറം മത്സ്യബന്ധനത്തില്‍ എർപ്പെട്ടാല്‍ പ്രസ്തുത യാനം കസ്റ്റഡിയില്‍ എടുത്ത് ഫിഷറീസ് വകുപ്പിന് കൈമാറാൻ തീര സംരക്ഷണ സേനയെ ചുമതലപ്പെടുത്തി.
അടിയന്തിര ഘട്ടങ്ങളില്‍ സഹായം എത്തിക്കുന്നതിന് വൈപ്പിനില്‍ റീജിയണല്‍ കണ്‍ട്രോള്‍ റൂം തുറന്നതായി ഫിഷറീസ് അസി.ഡയറക്ടർ പി. അനീഷ് പറഞ്ഞു.
നമ്ബർ -0484 2502768,9296007048, മുനമ്ബം കണ്‍ട്രോള്‍ റൂം 8304010855.